സംസ്ഥാനത്ത് സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; യോഗം ഇന്ന്

സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമാകുന്നു. ഇതിനായി ഇന്നു ചേരുന്ന കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവയുടെ സംയുക്തയോഗത്തിൽ പരിഷ്‌കരണ രൂപരേഖ ചർച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും വ്യത്യസ്തമായിരിക്കും സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണം. (curriculum modification kerala meeting)
പതിനഞ്ച് വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. ദേശീയ പാഠ്യപദ്ധതി 2005 ന്റെ ചുവടുപിടിച്ച് 2007 ലാണ് കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വർഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള ആശയ രൂപീകരണ ശിൽപ്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനുശേഷമാണ് കരിക്കുലം, കോർകമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം ചേരുക. ഇതിൽ പരിഷ്‌കരണ രൂപരേഖ ചർച്ച ചെയ്യും.
Read Also: എസ്എസ്എൽസി വിജയശതമാനം 99.26 ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികൾ
പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളിലും പൊസിഷൻ പേപ്പറുകളും രൂപീകരിക്കും. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്‌സറ്റുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിലേക്ക് പ്രവേശിക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, സ്ത്രീ തുല്യത, മാനവിക ബോധം, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയവ പാഠ്യപദ്ധതി ചർച്ചയിലുണ്ടാകും. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പൂർത്തിയാവാൻ രണ്ടു വർഷമെടുക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
Story Highlights: curriculum modification kerala meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here