അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറിൽ ഇന്ന് ബന്ദ്
അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാർ അടക്കം സംഘർഷം പടർന്ന സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. കഴിഞ്ഞ ദിവസം 15 ട്രെയിനുകൾക്ക് തീയിട്ടു. 2 പേര് മരിച്ചു. ( agneepath bihar bandh )
അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി പടരുമ്പോൾ അതീവ ജാഗ്രതയിലാണ് സർക്കാരുകൾ.
കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളിൽ ബിഹാറിൽ പതിനൊന്നും, തെലങ്കാനയിൽ മൂന്നും, ഉത്തർപ്രദേശിൽ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയത്.
തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഒരാളും, ലക്കി സറായിൽ ഒരു ട്രെയിൻ യാത്രക്കാരനും അടക്കം രണ്ടുപേർ പ്രതിഷേധത്തിനിടെ മരിച്ചു.
ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം പടരുകയാണ്.
ഹരിയാനയിൽ ദേശീയപാതയിൽ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പലതവണ വെടിയുതിർത്തു.
പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ബിഹാറിൽ, പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെയും വൻ തോതിൽ അക്രമമുണ്ടായി. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
Story Highlights: agneepath bihar bandh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here