‘സത്യം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് ‘; ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ്

ഹരീഷ് പേരടിക്ക് പിന്തുണയുമായി ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. സത്യം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണെന്ന് ജോയ് മാത്യു കുറിച്ചു. സംസ്ഥാന സർക്കാരിനെതിരെ പോസ്റ്റിട്ട ഹരീഷ് പേരടിയെ പുകസ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു ജോയ് മാത്യുവിന്റെ പ്രസ്താവന. ( joy mathew support hareesh peradi )
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
സത്യം വിളിച്ചു പറയുന്നവരെ
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ്
അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു .ക .സ എന്ന പാർട്ടി സംഘടന
ഹരീഷിനെ ഒഴിവാക്കിയത് .
പു ക സ എന്നാൽ ‘പുകഴ്ത്തലുകാരുടെയും
കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം ‘എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .
സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് തീർത്തും അപ്രതീക്ഷിതവും വിഷമവും ആയൊന്ന് നടൻ ഹരീഷ് പേരടി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ നാട്ടിൽ ഇനിയും നിലപാടുകൾ തുറന്നു പറയും. കലാകാരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു രാഷ്ട്രീയം ആണ് നാട്ടിൽ ഉള്ളത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സംഘാടകർ വിശദീകരിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. ശാന്തനോർമ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
Read Also: ‘കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്’; പരിഹാസവുമായി ജോയ് മാത്യു
പരിപാടിയുടെ തലേന്ന് കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തെ വീട്ടിലെത്തി. അപ്പോഴാണ് ഒരു സംഘാടകൻ വിളിക്കുന്നത് നാളെ എത്തില്ലെ എന്ന് ചോദിച്ച് സമയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓർമിപ്പിച്ചു. തുടർന്ന് പിറ്റെ ദിവസം ഭാര്യയോടൊപ്പം കോഴിക്കോട്ടേക്ക് വരുന്നതിനിടയിൽ കുന്നംകുളം എത്തുമ്പോഴാണ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ അറിയിക്കുന്നത്. ശാന്തൻ എന്ന തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പരിപാടി ഞാൻ കാരണം തടസപ്പെടേണ്ടതില്ലെന്നുള്ളത് കൊണ്ടാണ് താൻ മാറി നിന്നതെന്നും ഹരീഷ് പറഞ്ഞു.
എന്നാൽ അത് പൊതുസമൂഹത്തോട് വിളിച്ചു പറയേണ്ട ഒരു ഉത്തരവാദിത്തം കൂടി ഉണ്ട്. കാരണം അഭിപ്രായ സ്വതന്ത്ര്യങ്ങളുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അത് ആവിഷ്‌കാരണ സ്വതന്ത്ര്യവുമൊക്കെയായി ബന്ധപ്പെട്ടാണ്. അഭിപ്രായ സ്വതന്ത്ര്യങ്ങളുടെ ഒരു പോരാട്ടമാണ് കലാകാരന്റെ ജീവിതം. അതുകൊണ്ട് അത് പറഞ്ഞേ പറ്റു. അതിനാലാണ് പരസ്യ പ്രതികരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: joy mathew support hareesh peradi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here