‘രാഷ്ട്രീയ പാർട്ടിയിലേക്ക് ആളുകളെ ചേർക്കാൻ മതം ഉപയോഗിക്കരുത്’:അടിച്ചമർത്തൽ അനുവദിക്കില്ല; കാന്തപുരം

മതം രാഷ്ട്രീയ ഉപകരണമാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയ പാർട്ടിയിലേക്ക് ആളുകളെ ചേർക്കാൻ മതം ഉപയോഗിക്കരുത്. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസവുമായി ജീവിക്കാൻ അനുവദിക്കണം. രാജ്യത്ത് അടിച്ചമർത്തൽ നടപ്പാക്കുന്ന സാഹചര്യമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. അത് രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരാണ്. മതംകൊണ്ട് രാഷ്ട്രീയം വളർത്തുന്നതും ഭരണം പിടിക്കുന്നതും അനുവദിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.(kanthapuram ap aboobacker musliyar against central govt.)
‘വെറുപ്പിന്റെ രാഷ്ട്രീയം നാടിനെ അസ്ഥിരപ്പെടുത്തും’ എന്ന പ്രമേയത്തിൽ കോഴിക്കോട്ട് നടന്ന എസ്.വൈ.എസ് ജനാധിപത്യ ജാഗരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. ”രാഷ്ട്രീയ പ്രവർത്തനം മതംകൊണ്ടാകരുത്. മതം കൊണ്ട് പന്തു കളിച്ച് രാഷ്ട്രീയം വളർത്താനും ഭരണം സ്ഥാപിക്കാനും ആർക്കും അനുവാദമില്ല. അത് അനുവദിക്കാനും പറ്റില്ല.”- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ 700 വർഷത്തോളം മുസ്‌ലിം ഭരണമുണ്ടായിട്ടുണ്ട്. അന്നൊന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അടിച്ചമർത്തി, നടക്കാൻ അനുവദിക്കാതെ ആരും ഭരിച്ചിട്ടില്ല. 700 വർഷത്തിലധികം മുസ്‌ലിം രാജാക്കന്മാർ ഭരണം നടത്തിയപ്പോഴെല്ലാം ഹൈന്ദവരും ക്രൈസ്തവരും ബുദ്ധരും ജൈനരും മതമുള്ളവരും ഇല്ലാത്തവരുമെല്ലാം ജീവിച്ചിട്ടുണ്ട്. അവരെ അടക്കി ഇസ്‌ലാമിലേക്ക് നിർബന്ധമായി കടക്കണമെന്ന് പറഞ്ഞിട്ടല്ല ഈ ഭരണങ്ങളൊന്നും നടന്നത്-കാന്തപുരം ചൂണ്ടിക്കാട്ടി.
Story Highlights: kanthapuram ap aboobacker musliyar against central govt.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here