വനിതാ കായിക ഇനങ്ങള്‍ മാത്രം കളിക്കുന്ന ഒരു സ്പോര്‍ട്സ് ബാര്‍, കൗതുകമുള്ള പേരും…

95 ശതമാനത്തിലധികം സ്പോര്‍ട്സ് ടെലിവിഷനുകളും പുരുഷന്മാരുടെ കായികപ്രകടനങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങള്‍ ഇന്റര്‍നെറ്റില്‍പ്പോലും തെരഞ്ഞ് കണ്ടുപിടിക്കുക എന്നത് വലിയ പ്രയാസമാണ്. സ്ത്രീകള്‍ അസാധാരണമായ മികവ് തെളിയിച്ചാലും പുരുഷന്മാര്ക്ക് ലഭിക്കുന്ന ടെലിവിഷന്‍ സമയം വനിതാ താരങ്ങള്‍ക്ക് ലഭിക്കാത്തത് ഇതുവരെ വേണ്ടവിധം അഭിമുഖീകരിക്കപ്പെടാത്ത വലിയ വിഷയമാണ്. വനിതാ കായികതാരങ്ങള്‍ക്ക് ഇടവും സമയവും ചുരുങ്ങുന്നത് വല്ലാതെ അസ്വസ്ഥതപ്പെടുത്തിയപ്പോള്‍ മുന്‍ ബാസ്കറ്റ്ബോള്‍ താരമായ ജെന്നി ഗുയെനിന് ഒരു ആശയം തോന്നി. സ്ത്രീകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുന്നതിന്റെ ആരവങ്ങള്‍ മാത്രം അലയടിക്കുന്നൊരു സ്പോര്‍ട്സ് ബാര്‍ നിര്‍മിക്കുക. ക്വീര്‍ മുന്നേറ്റങ്ങള്‍, ബ്ലാക് ലൈവ്സ് മാറ്റേഴ്സ് ക്യാംപെയ്ന്, ലിംഗനിരപേക്ഷത തുടങ്ങി താന്‍ പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രീയത്തിനും ഇടം കൊടുത്ത് നിര്‍മിച്ച ഈ സ്പോര്‍ട്സ് ബാറിനിടാന്‍ ജെന്നി കണ്ടെത്തിയതോ കൗതുകമുണര്‍ത്തുന്ന ഒരു പേരും. സ്പോര്‍ട്സ് ബാര്‍ ‘സ്പോര്‍ട്സ് ബ്രാ’ എന്ന പേര് കൊണ്ടുകൂടി ശ്രദ്ധ നേടുകയാണ്.
പോര്ട്ലന്ഡിലെ സ്പോര്‍ട്സ് ബ്രാ എന്നത് സ്ത്രീകളുടെ കായിക പ്രകടനങ്ങളും അത്ലറ്റിക് മികവും പ്രദര്‍ശിപ്പിക്കുന്ന വ്യത്യസ്തമായ ഒരിടമാണ്. തന്റെ ഗേള്‍ഫ്രണ്ടിനോട് സ്പോര്‍ട്സ് ബാര്‍ എന്ന ആശ്യത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ജെന്നി പണ്ടൊക്കെ പൊട്ടിച്ചിരിക്കുമായിരുന്നു. ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമാണല്ലോ തന്റെ ഈ സ്പോര്‍ട്സ് ബ്രാ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഗേള്‍ഫ്രണ്ട് പൂര്‍ണപിന്തുണ നല്കി നിരന്തരം പ്രോത്സാഹിപ്പിച്ചതോടെ ആ സുന്ദര സ്വപ്നം യാഥാര്‍ഥ്യമാകുകയായിരുന്നു.
ഒത്തുകൂടാന്‍ ഒരു ഇടത്തിനായി കൊതിച്ചിരുന്ന എല്‍ജിബിടിക്യു കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും സ്പോര്‍ട്സ് ബ്രാ വലിയ ഒരു അവസരമായി. സ്ത്രീകള്‍ക്കോ എല്‍ജിബിടിക്യു കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കോ കായികപ്രേമികള്ക്കോ മാത്രമല്ല എല്ലാത്തരം ആളുകള്‍ക്കും സ്പോര്‍ട്സ് ബ്രാ ഇടം നല്‍കുന്നുണ്ട്. ഇന്ക്ലൂസിവാകുന്നത് എങ്ങനെയെന്നാണ് സ്പോര്‍ട്സ് ബ്രാ പഠിപ്പിക്കുന്നതും.
കായിക രംഗത്തെ സ്ത്രീകളുടെ മികവിനെ പരമാവധി ആഘോഷിക്കുക എന്നത് തന്നെയാണ് സ്പോര്‍ട്സ് ബ്രായുടെ ലക്ഷ്യം. ഒട്ടുമിക്ക എല്ലാ ഗെയിംസിലേയും അത്ലറ്റിക് മത്സരങ്ങളുടേയും ആരവങ്ങള്‍ സ്പോര്‍ട് ബ്രായില്‍ ഉടനീളം കേള്‍ക്കാം. സ്ത്രീകളുടെ മികവുറ്റ പ്രകടനങ്ങള്‍ എവിടെനിന്ന് കാണാനാകുമെന്ന പല കായിക പ്രേമികളുടേയും ചോദ്യത്തിന് സ്പോര്‍ട്സ് ബ്രാ ഉത്തരമാകുന്നുണ്ട്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറി ഫ്രീലാന്‍ഡ് സ്പിരിറ്റ്സാണ് സ്പോര്‍ട്സ് ബ്രായില്‍ നല്കപ്പെടുന്നത്. ചുവരുകള്‍ മുഴുവന്‍ വനിതാ കായിക താരങ്ങളുടെ മികവിനെ വിളിച്ചറിയിക്കുന്നുണ്ട്. ബാറിലെ ശുചിമുറികളെല്ലാം ലിംഗനിരപേക്ഷമാണെന്ന പ്രത്യേകതയും സ്പോര്‍ട്സ് ബ്രായ്ക്കുണ്ട്.
Story Highlights: sports bra sports bar that features only women’s sports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here