സ്വപ്ന പലതും മറച്ചുവെയ്ക്കുന്നു, ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി; വെളിപ്പെടുത്തലുമായി സരിത

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തൽ. ജയിലിൽ വെച്ച് സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പറഞ്ഞത്. സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുകളുമില്ലെന്നും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും അവർ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ആവശ്യം നിരസിച്ചത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകർപ്പ് നൽനാകൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് കോടതി. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.
ക്രൈംബ്രാഞ്ചും ഇതേ ആവശ്യമുന്നയിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. അന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. രഹസ്യമൊഴി നൽകിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമർശിച്ചത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോ ഏജൻസിക്കോ മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂ എന്ന നിലപാട് കോടതി ആവർത്തിച്ചു.
മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ രംഗത്തെത്തിയിരുന്നു. സ്വപ്നയെ മുഖ്യമന്ത്രി കണ്ടത് കോൺസുൽ ജനറലിനൊപ്പമാണെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. 2020 ഓക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രധാന ഭാഗങ്ങളാണ് പുറത്തുവിട്ടത്.
കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവർ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വിഡിയോയിൽ വിശദീകരിക്കുന്നത്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തെല്ലാം ഇവരും ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ എന്താണ് അപാകത. പല പരിപാടികൾക്കും മുഖ്യമന്ത്രിയെ ക്ഷണിക്കാനായി അവർ വരാറുണ്ടല്ലോ. അത്തരം സമയങ്ങളിലൊക്കെ ഈ പറയുന്ന സ്വപ്നയും കോൺസുലേറ്റ് ജനറലിന് ഒപ്പമുണ്ടായിരുന്നിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്ആരോപിച്ചിരുന്നു. അതിന് മുഖ്യമന്ത്രി അന്ന് പറഞ്ഞ കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.
Story Highlights: swapna suresh hides many things, a political party behind the current controversy; Saritha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here