‘രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് നാലാം നാൾ’; എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു

നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും ഡൽഹി പൊലീസ് അടച്ചു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കേരള ഹൗസിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. കൂടാതെ കർശന നിയന്ത്രണവും ഏർപ്പെടുത്തി.(congress protest in delhi rahul gandhi ed questioning)
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം തവണയാണ് രാഹുലിനെ കേസിൽ ചോദ്യം ചെയ്യുന്നത്. ജൂൺ 13, 14, 15 തീയതികളിൽ അദ്ദേഹത്തെ നേരത്തേ ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറോളമായിരുന്നു മൂന്ന് ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ രാഹുലിൽ നിന്നും ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയത്.
സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നാലാം വട്ട ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസ് കേന്ദ്ര സർക്കാരിന്റെ പകപോക്കലാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമാവാൻ എല്ലാ എംപിമാരോടും ഇന്ന് ഡൽഹിയിലേക്ക് എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരുന്നു.
അതിനിടെ, എഐസിസി ആസ്ഥാനത്തു നിന്നും പ്രതിഷേധം പൊലീസ് അനുവദിക്കാത്തതിനാൽ ജന്തർമന്ദറിലേക്ക് പരിപാടികൾ മാറ്റാനാണ് കോൺഗ്രസ് തീരുമാനം.ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പരാതിക്കാരനായ കേസിലാണ് രാഹുൽ ഗാന്ധിയെ നാലാം ദിവസം ചോദ്യം ചെയ്യുന്നത്. സോണിയാ ഗാന്ധിയേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും അനാരോഗ്യത്തെത്തുടർന്ന് എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
Story Highlights: congress protest in delhi rahul gandhi ed questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here