‘പ്രായപൂര്‍ത്തിയായി’ രണ്ട് വയസ്സുകാരന്; അമ്പരന്ന് ഡോക്ടര്‍മാര്‍

പ്രായപൂര്‍ത്തിയായ പുരുഷന്റെ എല്ലാ ലക്ഷണങ്ങളും രണ്ട് വയസ് പ്രായമുള്ള കുഞ്ഞ് പ്രകടിപ്പിക്കുന്നത് കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. മുതിര്‍ന്നവരുടേതിന് സമാനമായ ഉരുണ്ട് ദൃഢമായ ശരീര പേശികളും പേശീ ഭാരവും കുഞ്ഞിനുണ്ട്. ലൈംഗികാവയവം അസാധാരണ രീതിയില്‍ വളരുന്നതും ഉദ്ധാരണമുണ്ടാകുന്നതും വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് പോലും ആദ്യഘട്ടത്തില്‍ വിശദീകരിക്കാന്‍ സാധിച്ചില്ല. ഇത് കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. ബ്രിട്ടണിലാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബ്രൈറ്റണില്‍ നിന്നുള്ള ബാര്‍ണബി ബ്രൗണ്‍സെല്‍ എന്ന കുട്ടിയാണ് രണ്ടാം വയസില്‍ പ്രായപൂര്‍ത്തിയായത്. (two year old baby already hit puberty in uk)
ഒരു വയസായപ്പോള്‍ കുഞ്ഞിന് പന്ത്രണ്ട് കിലോയോളം ഭാരമുണ്ടായിരുന്നു. പിന്നീട് ഓരോ മാസവും കാല് കിലോ മുതല്‍ അരക്കിലോ വരെ ഭാരം കൂടിക്കൂടി വന്നതോടെ ഇത് നോര്‍മലല്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കുഞ്ഞിന് വണ്ണം വയ്ക്കുകയല്ല മറിച്ച് ശരീരഭാരം കൂടുന്നതിനനുസരിച്ച് പേശികള്‍ വളരുകയായിരുന്നു. കുഞ്ഞിന്റെ ലൈംഗികാവയവം വലിപ്പം വയ്ക്കുകയും കുഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രായപൂര്‍ത്തിയായതും മാതാപിതാക്കളില്‍ ആശങ്കയുണ്ടാക്കി.
വിചിത്രമായ ഈ അവസ്ഥയുടെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ തലപുകഞ്ഞാലോചിച്ചു. ഒടുവില്‍ കുഞ്ഞിന്റെ രക്തപരിശോധനയില്‍ നിന്നാണ് ചെറിയ ഒരു സൂചന ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടോ എന്ന് ഇവര്‍ അന്വേഷിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി താന്‍ ടെസ്റ്റോസ്റ്റീറോണ്‍ ജെല്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കുഞ്ഞിന്റെ അച്ഛന് പറഞ്ഞതോടെ പ്രഹേളികയ്ക്ക് ഉത്തരമായി.
ഇത്തരം ജെല്‍ ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ അളവ് രക്തത്തില്‍ വളരെ കൂടുതലാകാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. ജെല്‍ ഉപയോഗിച്ചശേഷം വസ്ത്രം ധരിക്കുമ്പോള്‍ ഹോര്‍മോണ്‍ രക്തത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. ജെല്ലിന്റെ 48 ശതമാനം വരെ ഇത്തരത്തില്‍ ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലൂടെ വിദഗ്ധര്‍ കണ്ടെത്തിയത്. ജെല്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുന്നില്ലെങ്കിലും ജെല്‍ പാക്കറ്റുകളില്‍ ജാഗ്രതാ മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
Story Highlights: two year old baby already hit puberty in uk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here