Advertisement

International Yoga Day 2022: യോഗ എന്തിന് ? ഈ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം…

June 21, 2022
2 minutes Read
International Yoga Day 2022

യുജ് എന്ന സംസ്‌കൃതവാക്കില്‍ നിന്നായിരുന്നു യോഗ എന്ന വാക്കിന്റെ ഉത്ഭവം തന്നെ. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേതന്നെ യോഗ അഭ്യസിച്ചു പോന്നിരുന്നു. ശാരിരികമായും വൈകാരികമായും മാനസികമായും അതുപോലെ ആത്മീയമായും ഗുണങ്ങള്‍ ലഭിക്കുന്നതിനാലാണ് പലരും ഇത് അഭ്യസിച്ചു പോന്നിരുന്നത്. ഇതു ശരിവക്കുന്ന തരത്തില്‍ മനസുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാന്‍ സഹായിക്കുന്ന യോഗാശീലങ്ങള്‍ ഒരാളുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്‌നങ്ങളെയും കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായകമാകുമെന്ന് സമീപകാല ഗവേഷണങ്ങള്‍ പോലും ചൂണ്ടികാണിക്കുന്നു ( International Yoga Day 2022 ).

ഒന്നാലോചിച്ചാല്‍ നമ്മളില്‍ മിക്കവാറും പേരുടെയും ദൈനംദിന ജീവിതം തിരക്കു നിറഞ്ഞതും അതിനെക്കാളേറെ സമ്മര്‍ദദായകവും ആയിരിക്കുമെന്നുറപ്പാണ്. ജോലിത്തിരക്കിനിടയില്‍ നമ്മുടെ ശരീരത്തിന്റെ ആവശ്യകതകളടക്കം പ്രാധാന്യമുള്ള പല കാര്യങ്ങളെപ്പറ്റിയും നാം അവഗണിക്കാറ് പതിവാണ്. നമ്മുടെ മനസ് നിരന്തരം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരീരം പലപ്പോഴും അങ്ങനെയല്ല. മടുപ്പിക്കുന്ന ഡയറ്റ് പ്ലാനുകളേയും വ്യായാമ പദ്ധതികളേയും കുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് അടുത്ത ദിവസം നടക്കാനിരിക്കുന്ന മീറ്റിംഗിനെക്കുറിച്ചുള്ള വേവലാധികള്‍ ആയിരിക്കും മനസിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്.

എന്തുകൊണ്ട് യോഗ

എന്നാല്‍ മഹാമാരിയുടെ ദിനങ്ങള്‍ വന്നെത്തിയതോടെ നമ്മുടെ ശരീരത്തിന്റെ ആവശ്യകതകളെ കുറച്ചുകൂടി പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത് പ്രധാനമായി മാറിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരികേ ചുവട് വെക്കേണ്ടതും ഇന്ന് ഏറ്റവും ആവശ്യകമായ കാര്യമാണ്. ഒരാള്‍ സ്വയം ഫിറ്റായിരിക്കുക എന്നതിനര്‍ത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്. ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാര്‍ത്ഥ ഫിറ്റ്‌നസ്. ഇത് നേടിയെടുക്കാന്‍ ഒരാളെ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് യോഗ.

നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായതും 4000 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയില്‍ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസിന്റെയും ശരീരത്തിന്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു മികച്ച യോഗാശീലം. ശരീരത്തിന് വിശ്രമം നല്‍കുന്ന മികച്ച രീതിയായ ഇത് വിഷാദരോഗത്തില്‍ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.

മാനസികാരോഗ്യത്തിന്

ഒരാള്‍ക്ക് യോഗ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യങ്ങളില്‍ ഒന്നാണ് ഇത് മാനസികാരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയില്‍ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കികൊണ്ട് അവരെ കൂടുതല്‍ ബോധവാന്മാരാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തെരഞ്ഞെടുക്കാനും, അവരുടെ ശരീരത്തിന്റെ ആവശ്യകതകളില്‍ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് വഴി ഒരാള്‍ക്ക് ബോധപൂര്‍വം സാധിക്കുന്നു.

ദൈനംദിന ജീവിതത്തില്‍ ഏകാഗ്രതയും മനസാന്നിധ്യവും വീണ്ടെടുക്കാനും ഇതുവഴി സാധിക്കുന്നു. ഒരു ദിവസത്തിന്റെ തുടക്കത്തിലുള്ള യോഗ പരിശീലനം നിങ്ങളുടെ മനസിനെ ചടുലവും ഉണര്‍വുള്ളതുമാക്കി വെക്കുകയും ഇതുവഴി മുഴുവന്‍ ദിവസത്തിലും കൂടുതല്‍ ഉത്പാദനക്ഷമതയും ഏകാഗ്രതയും നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതില്‍ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.

ശ്വാസോച്ഛ്വാസം മികച്ചതാക്കാന്‍

യോഗാസനങ്ങള്‍ നിങ്ങളുടെ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വാധിനിക്കുന്നതാണ്. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങള്‍ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതല്‍ ബോധപൂര്‍വമായ രീതിയില്‍ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളില്‍ ഒരാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശാരീരിക സമ്മര്‍ദത്തെ ഫലപ്രദമായും കൂടുതല്‍ ബോധപൂര്‍വമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കില്‍ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക്, ഇത്തരം ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി അവരുടെ ആരോഗ്യ ശൈലിയില്‍ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാവും.

ഉയര്‍ന്ന പേശീബലം

ഒരു നല്ല യോഗാ ശീലം ഒരാളുടെ ശാരീരിക വഴക്കത്തിന്റെ പര്യായമായി മാറും. ഓരോ തവണയും ഒരാള്‍ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ ഇതിലെ പേശികളില്‍ ഉയര്‍ന്ന രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ യോഗ ചെയ്യുന്നത് വഴി ഇതിന്റെ ലക്ഷണങ്ങള്‍ ക്രമേണ കുറയുന്നത് നിങ്ങള്‍ തിരിച്ചറിയും. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിര്‍ത്താന്‍ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാന്‍ യോഗാശീലം നിങ്ങളെ സഹായിക്കും. അധോ മുഖ സ്വാനാസനം, ഉര്‍ദ്ധ മുഖ സ്വാനാസനം തുടങ്ങിയ യോഗാസനങ്ങള്‍ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും നിങ്ങള്‍ക്ക് നല്ല പേശീബലം നിലനിര്‍ത്തുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് രോഗത്തെ ചെറുത്തുനിര്‍ത്താന്‍ യോഗ ശീലം സഹായികമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നല്ല ഉറക്കം നേടിയെടുക്കാന്‍

നമ്മുടെ ദൈനംദിന ജീവിതശൈലിയിലേക്ക് കടന്നു വരുന്ന മാറ്റങ്ങളെല്ലാം ഒരാളുടെ ശരീരത്തെയും ജീവിതതാളത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കില്‍ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനാവുകയുള്ളൂ. ഇന്നത്തെ കാലത്ത് ഉറങ്ങാനായി വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ് കൂടുതല്‍ ആളുകളും. ഉറങ്ങാനായി ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരും കുറവല്ല. എന്നാല്‍ നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വഴി ഇത്തരം പ്രശ്‌നങ്ങളെ നേരിടാനാവും.

ശവാസനം, യോഗ നിദ്ര മുതലായ യോഗാസനങ്ങള്‍ നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് മികച്ച ഉറക്കം ഉറപ്പ് വരുത്തുന്നതാണ്. ആരോഗ്യകരമായ ഒരു ഉറക്കശീലം അല്ലെങ്കില്‍ ഗാഢനിദ്ര നിങ്ങളുടെ ഒരു മുഴുവന്‍ ദിവസത്തിന്റെ മടുപ്പുകളെയും ക്ഷീണത്തെയും പുറത്താക്കി ശരീരത്തിന് പുതിയ ഉണര്‍വ്വ് നല്‍കും. ഒരു പുതിയ ദിവസം ആരംഭിക്കുന്നതിന് ആവശ്യമായ ഉന്മേഷം പകരുകയും ചെയ്യും.

Story Highlights: International Yoga Day 2022: Why Yoga? Be aware of these qualities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top