വിജയ്ക്ക് ജന്മദിന സമ്മാനമായി കോമിക്ക് ബുക്ക്; വൈറലായി മലയാളി യുവതിയുടെ ‘ടെയിൽ ഓഫ് എ തളപതി ഫാൻ ഗേൾ’

നടൻ വിജയുടെ 48ആം പിറന്നാളാണ് ഇന്ന്. സമൂഹമാധ്യമങ്ങളിലൂടെ പലരും പല തരത്തിലുള്ള സ്നേഹ സമ്മാനങ്ങളും ജന്മദിനാശംസകളും അർപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു സമ്മാനമാണ് മലയാളി യുവതിയായ അഭിരാമി രാധാകൃഷ്ണൻ നൽകിയിരിക്കുന്നത്. ‘ടെയിൽ ഓഫ് എ തളപതി ഫാൻ ഗേൾ’ എന്ന പേരിൽ ഒരുക്കിയ ഒരു കോമിക്ക് ബുക്ക് ആണ് അഭിരാമിയുടെ സമ്മാനം. ഈ കോമിക്ക് ബുക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (birthday vijay comic malayalee)
500 പേജുള്ള ഒരു ഫ്ലിപ് ബുക്കാണ് ആദ്യം തയ്യാറാക്കിയതെന്ന് അഭിരാമി 24നോട് പ്രതികരിച്ചു. പക്ഷേ, അത് ശരിയായില്ല. ഒരുപാട് സങ്കടം തോന്നി. പിന്നീടാണ് അതേ കഥ വച്ച് ഒരു ചിത്രകഥ പോലെ കോമിക്ക് ബുക്ക് ആലോചിച്ചത്. ഡയലോഗുകളിലെ വ്യാകരണ പിശകുകൾ ഒരു സുഹൃത്ത് ശരിയാക്കിത്തന്നു. ഡിജിറ്റൽ ആർട്ടിൻ്റെ ചില ഭാഗങ്ങൾ മറ്റൊരു സുഹൃത്ത് എഡിറ്റ് ചെയ്ത് തരികയും ചെയ്തു. അതിൽ കുറച്ച് മാത്രമേ വരയുള്ളൂ. അഡോബ് ഇല്ലുസ്ട്രേറ്ററിൽ ചെയ്തതാണ് എന്നും അഭിരാമി പറഞ്ഞു.
“ഗില്ലിയാണ് ആദ്യം കണ്ട സിനിമ. പിന്നീട് ഏറെക്കുറെ എല്ലാ സിനിമകളും കണ്ടു. ഏട്ടനാണ് ഗില്ലി കാണാൻ കൊണ്ടുപോയത്. ഏട്ടൻ കട്ട വിജയ് ഫാനാണ്. അന്ന് ആരാ അണ്ണൻ എന്നൊന്നും അറിയില്ല. ‘ആരാ ഏട്ടാ ഇത്’ എന്ന് ഞാൻ അന്ന് ഏട്ടനോട് ചോദിച്ചു. ഞാൻ കണ്ടുതുടങ്ങിയത് അണ്ണൻ ആക്ഷൻ ഹീറോ ആയിക്കഴിഞ്ഞതിനു ശേഷമാണ്. പിന്നീടാണ് റൊമാൻ്റിക് സിനിമകളൊക്കെ കണ്ടത്. ഖുഷിയൊക്കെ റിപ്പീറ്റ് കാണുന്ന സിനിമകളാണ്. രക്ഷകൻ എന്നൊക്കെ എല്ലാവരും വിളിച്ച് കളിയാക്കുമ്പോഴും ഓരോ സ്റ്റേജിലും അണ്ണൻ കൃത്യമായ ട്രാക്ക് മാറ്റം നടത്തുന്നുണ്ട്. ബാലതാരം സൈഡ് റോളിൽ നിന്ന് പക്ക റൊമാൻ്റിക് ഹീറോ, അവിടെനിന്ന് ആക്ഷൻ ഹീറോ, അവിടെനിന്ന് സൂപ്പർ സ്റ്റാർ. ഇപ്പോ വീണ്ടും കരിയർ പാത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ ആൾക്കാർക്ക് അവസരം നൽകുന്നു. പുള്ളി ഇത് ഇടക്കിടയ്ക്ക് ചെയ്യുന്ന ആളാണ്. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന നടനല്ല വിജയ് അണ്ണൻ.”- അഭിരാമി പറയുന്നു.
“ഫാൻ ഫൈറ്റുകളിൽ സ്കൂളിലൊക്കെ പഠിക്കുമ്പോൾ പങ്കെടുത്തിരുന്നു. ക്ലാസിലൊക്കെ വിജയ്‌യെ മോശമായി വിളിക്കുന്നവരും പറയുന്നവരുമൊക്കെ ഉണ്ടായിരുന്നു. അന്നത്തെ ലുക്ക് ഷർട്ടിനു മേലെ ഷർട്ടിട്ട് ആയിരുന്നു. അപ്പോ അതിനെയൊക്കെ പലരും കളിയാക്കിയിരുന്നു. അപ്പോൾ തിരിച്ചുപറയുമായിരുന്നു. പിന്നീട് അത് കുറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയൊന്നും ഫാൻ ഫൈറ്റ് നടത്താറില്ല. വിജയ് അണ്ണനെ നേരിട്ടുകാണുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ഒരു തവണ കണ്ടാമതി. നേരിട്ടുകണ്ട് ഈ കോമിക്ക് ബുക്ക് കൊടുക്കണം.”- അഭിരാമി കൂട്ടിച്ചേർത്തു.
“ഏട്ടൻ രാവിലെ ഫാൻസ് ഷോയ്ക്കൊക്കെ പോകുമ്പോൾ വീട്ടിൽ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ, ഞാൻ രാവിലെ ഫാൻ ഷോയ്ക്കൊക്കെ പോകുമ്പോൾ പ്രശ്നമായിരുന്നു. “രാവിലെ പോകുന്നത് എന്തിനാണ്. മറ്റുള്ളവർ എന്ത് പറയും” എന്നൊക്കെ ചോദിക്കുമായിരുന്നു. പിന്നെ അവർക്ക് മനസ്സിലായി. ഇപ്പോ വലിയ പ്രശ്നമില്ല.”- അഭിരാമി വ്യക്തമാക്കുന്നു.
“ഓൺ സ്ക്രീനിൽ വിജയ്‌യെ കാണുന്നതിനെക്കാൾ സന്തോഷം ഓഫ് സ്ക്രീനിൽ കാണാനാണ്. ഓഫ് സ്ക്രീനിൽ അണ്ണൻ എടുക്കുന്ന ഓരോ നിലപാടുകളും എൻ്റെ ഐഡിയോളജിയുമായി ചേർന്ന് നിൽക്കുന്നതാണ്. നോട്ടുനിരോധനനം, തൂത്തുക്കുടി വെടിവെപ്പ്, നീറ്റ് ഇഷ്യൂ, ജല്ലിക്കെട്ട് തുടങ്ങിയ വിഷയങ്ങളിലെല്ലാം നിലപാടെടുത്തു. നോട്ട് നിരോധനത്തിനെതിരെ ആദ്യം മുന്നോട്ടുവന്ന സെലബ്രിറ്റികളിൽ ഒരാൾ വിജയ് ആയിരുന്നു. ‘ഇൻ ദ നെയിം ഓഫ് ജീസസ്, ഐ ആം ജോസഫ് വിജയ് ചന്ദ്രശേഖർ’ എന്ന ആ കത്തെഴുതിയതൊക്കെ റിയൽ ലൈഫ് ഗൂസ്ബമ്പ്സ് മൊമൻ്റ് ആയിരുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നവർക്കെതിരെ അക്രമങ്ങളുണ്ടാവുമെന്നത് ഉറപ്പാണ്.”- അഭിരാമി പറഞ്ഞുനിർത്തി.
ആയുർവേദത്തിൽ ഹൗസ് സർജൻസി ചെയ്യുകയാണ് മലപ്പുറം സ്വദേശിയായ അഭിരാമി. വീട്ടിൽ അമ്മ, അച്ഛ, ഏട്ടൻ എന്നിവരുണ്ട്.
Story Highlights: birthday gift vijay comic book malayalee fan girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here