വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതയായി മൃതസഞ്ജീവനി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതയായി മൃതസഞ്ജീവനി. അവയവദാന പ്രക്രിയയുടെ ഏകോപന ചുമതലയുള്ള മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രീഷ്യസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന് വിശദീകരണം നൽകി. മുന്നറിയിപ്പുണ്ടായിട്ടും വീഴ്ച സംഭവച്ചതിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. അതിനിടെ ഡോക്ടർമാരുടെ നടപടിക്ക് എതിരെ കെജിഎംസിറ്റിഎ ഇന്ന് പ്രതിഷേധ യോഗം നടത്തും. (kidney patient mritasanjeevani response)
അവയവം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നതിന് മുന്നോടിയായി ആവശ്യമായ എല്ലാ മുന്നറിയിപ്പും ഇ-മെയിലിലൂടെയും വാട്‌സപ്പിലൂടെയും നൽകിയിരുന്നതായാണ് മൃതസഞ്ജീവനി സർക്കാരിന് നൽകിയ വിശദീകരണം. എല്ലാ മുന്നറിയിപ്പും നൽകിയെന്ന് വ്യക്തമാക്കിയതോടെ വീഴ്ചയുണ്ടായത് വകുപ്പ് മേധാവികളിൽ നിന്നുതന്നെയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടക്കേണ്ട ദിവസം നെഫ്രോളജി മേധാവി ഇല്ലാതിരുന്നിട്ടും ചുമതല മറ്റൊരാൾക്ക് നൽകാത്തത് വീഴ്ചയാണ്. പ്രധാന ചുമതലയുള്ള ഡോക്ടർമാർ നിർണായ ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്താത്തിന് എതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. സംഭവ ദിവസം യൂറോളജി വിഭാഗം മേധാവി രാത്രി 9 മണിയ്ക്ക് ശേഷമാണ് ആശുപത്രിയിലെത്തിയത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടർമാർക്ക് എതിരായ സർക്കാർ നടപടിയിൽ കെജിഎംസിറ്റിഎ സമരമുഖത്താണ്. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ഒപി ബ്‌ളോക്കിന് മുന്നിൽ പ്രതിഷേധം യോഗം ചേരും. ശസ്ത്രക്രിയ വൈകി എന്ന ആരോപണം ശുദ്ധ അസംബന്ധം എന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ നിലപാട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമാകും മരണത്തിൽ കുടുംബം നൽകിയ പരാതിയിലുള്ള പൊലീസിന്റെ തുടർനടപടി. അതേസമയം, അവയവം കൊണ്ട് വന്ന പെട്ടി അനുമതിയില്ലാതെ കൊണ്ടുപോയെന്ന ആശുപത്രി അധികൃതരുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് വിളിച്ചുവരുത്തിയേയ്ക്കും.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടർന്ന് ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടർന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചത്.
Story Highlights: kidney patient mritasanjeevani response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here