രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണം: എ.ഐ.വൈ.എഫ്
പാർലിമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു. ഓഫീസ് ആക്രമിച്ച നടപടി അപലപിക്കപ്പെടേണ്ടതും ജനാധിപത്യ വിരുദ്ധവുമാണ്. എം.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉയർത്തിപ്പിടിച്ച വിഷയം യഥാർത്ഥത്തിൽ ഒരു വിദ്യാർത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ( Strict action should be taken against those who attacked Rahul Gandhi’s office: AIYF )
ഇക്കാര്യത്തിൽ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാൻ കഴിയാത്തതും എതിർക്കപ്പെടേണ്ടതുമാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന്റെ പേരിൽ കേരളത്തെ കലാപ ഭൂമിയാ ക്കാനുള്ള കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ശ്രമത്തെ ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ട്.
ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് – ഡിവൈഎഫ്ഐ തെരുവ് യുദ്ധം. പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് കോൺഗ്രസ് പ്രവർത്തകർ കമ്മിഷണർ ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും എൽ.ഡി.എഫിന്റെ ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു.
കോഴിക്കോട് – പാലക്കാട് ദേശീയ പാതയും കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. തൃശൂർ സ്വരാജ് ഗ്രൗണ്ടിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടു. കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ തെരുവ് യുദ്ധമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് മുഖത്തും കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. അക്രമത്തോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
Story Highlights: Strict action should be taken against those who attacked Rahul Gandhi’s office: AIYF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here