കൽപ്പറ്റയിൽ നാളെ ശക്തിപ്രകടനത്തിന് സിപിഐഎം; ‘യുഡിഎഫ് പ്രതിഷേധ മാർച്ചിന് കൽപ്പറ്റയിൽ തന്നെ മറുപടി’

യുഡിഎഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എൽഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാൻ പ്രവർത്തകരോട് എൽഡിഎഫ് ആഹ്വാനം ചെയ്തു. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതിന് കൽപ്പറ്റ ടൗണിൽ തന്നെ മറുപടി പറയാനെന്നവണ്ണമാണ് സിപിഐഎം പ്രകടനം. നാളെ കൽപ്പറ്റയിൽ വൈകീട്ട് മൂന്ന് മണിക്കാണ് സിപിഐഎം പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് ( CPI (M) march in Kalpetta tomorrow ).
യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. കലാപം അഴിച്ചുവിടാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗവും ചൊവ്വാഴ്ച ചേരും. സംസ്ഥാന സെന്റർ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റർ യോഗത്തിൽ നടപടി തീരുമാനിക്കും.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫംഗം അവിഷിത്തിന്റെ പങ്കും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read Also: ചോദ്യങ്ങള്‍ ചോദിക്കുന്നത് ജോലിയുടെ ഭാഗം; വി.ഡി.സതീശനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അവിഷിത് കെ.ആറിനെ പുറത്താക്കി ഉത്തരവിറക്കി. അവിഷിത്തിനെ പുറത്താക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പേഴ്‌സണൽ സ്റ്റാഫിനെ മാറ്റാൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നാണ് കത്ത് നൽകിയത്.
എന്നാൽ അവിഷിത്ത് ഇപ്പോൾ സ്റ്റാഫിലില്ലെന്നായിരുന്നു മന്ത്രി ഇന്ന് പ്രതികരിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം ആദ്യമാണ് ഒഴിവായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. വയനാട് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത് കെ ആർ. ഇയാളെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഐഎം സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.
Read Also: പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞു; തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം
അക്രമ സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
കൽപ്പറ്റ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു. ആറ് എസ് എഫ്‌ഐ പ്രവർത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായർ ട്വന്റിഫോറിനോട് നോടു പറഞ്ഞു.
അതിനിടെ കോട്ടയത്ത് കളക്ട്രേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത് പി.സി.വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കള്രേക്ടറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെയാണ് സംഘർഷത്തിലേക്ക് എത്തിയത്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എട്ട് കോൺഗ്രസ് പ്രവർത്തകർക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമ പ്രവർത്തകക്കും പരിക്കേറ്റു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here