എസ്എഫ്ഐയെ സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന് പരിഹസിച്ച് ഷാഫി പറമ്പിൽ

പാർലമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐയെ സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന് പരിഹസിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വെച്ചിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരുമെന്നാണ് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ( Shafi Parambil mocks SFI as Sanghi Federation of India )
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണം: എ.ഐ.വൈ.എഫ്
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ ക്രിമിനലുകൾ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. പൊലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്.
ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സർക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണാക്കണമെന്ന് 2019 ശുപാർശ ചെയ്തത്. എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ സിപിഐഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാനും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും തയ്യാറാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
Story Highlights: Shafi Parambil mocks SFI as Sanghi Federation of India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here