അയർലൻഡിൽ തണുപ്പ് കഠിനം; താൻ മൂന്ന് സ്വെറ്ററുകൾ ധരിച്ചെന്ന് ചഹാൽ

അയർലൻഡിലെ കാലാവസ്ഥ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ഇവിടെ തണുപ്പ് കഠിനമാണെന്നും താൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നിയെന്നും ചഹാൽ പറഞ്ഞു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ചഹാൽ മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. (ireland t20 weather yuzvendra chahal)
“ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നി. ചിലപ്പോഴൊക്കെ അത് ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കണം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.”- ചഹാൽ പറഞ്ഞു.
Read Also: സഞ്ജുവിനു പകരം ടീമിൽ; ഹൂഡയ്ക്കെതിരെ ഇന്ത്യൻ കാണികളുടെ അധിക്ഷേപം
മത്സരത്തിൽ അയർലൻഡിനെ 7 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം. മഴമൂലം മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.
ടോസ് നേടിയ ഹർദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല, രണ്ടാം ഓവറിൽ തന്നെ അയർലൻഡിന് രണ്ട് വലിയ തിരിച്ചടികൾ നേരിട്ടു. ക്യാപ്റ്റൻ ആൻഡി ബൽബിർണി (0), പോൾ സ്റ്റെർലിങ്ങ് (4) എന്നിവർ പുറത്തായി. ബൽബിർണിയെ ഭുവനേശ്വർ പുറത്താക്കിയപ്പോൾ, പോൾ സ്റ്റെർലിംഗിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്താക്കി. നാലാം വിക്കറ്റിൽ ഹാരി ടെക്ടറും (33 പന്തിൽ 64), ലോർക്കാൻ ടക്കറും (16 പന്തിൽ 18) തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ അയർലൻഡിന് 108 റൺസെന്ന സ്കോറിലെത്താനായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുത്തു. ഇന്ത്യക്കായി ഇഷാൻ കിഷൻ 26 റൺസെടുത്തപ്പോൾ സൂര്യകുമാർ അക്കൗണ്ട് തുറക്കാതെ പുറത്തായി. ദീപക് ഹൂഡ പുറത്താകാതെ 47 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 റൺസും നേടി. ദിനേശ് കാർത്തിക് 5 റൺസുമായി പുറത്താകാതെ നിന്നു. അയർലൻഡിനായി ക്രെയ്ഗ് യങ് 2 വിക്കറ്റ് വീഴ്ത്തി.
Story Highlights: ireland t20 weather yuzvendra chahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here