സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി, എല്ലാ മെഡിക്കല്‍ കോളജുകളിലും നടപ്പിലാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂര്‍വമായ സമീപനം ജീവനക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളജുകളിലേയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
രോഗികളുടെ കൂടെയെത്തുന്നവര്‍ക്ക് സഹായകരമായി രക്തം മുതലായ സാമ്പിളുകള്‍ ശേഖരിക്കാനുള്ള കളക്ഷന്‍ സെന്ററുകള്‍ അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് സ്ഥാപിക്കും. രോഗികളുടെ വിവരങ്ങളും ഐസിയു വെന്റിലേറ്റര്‍ തുടങ്ങിയവയുടെ വിവരങ്ങളും അറിയാന്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. രോഗികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അത്യാഹിത വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനമൊരുക്കുന്നതാണ്.
ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്തിന് പുറമേ ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വ്യാപിപ്പിക്കുന്നതാണ്. ഈ പദ്ധതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളജുകളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം. അടുത്തഘട്ടമായി കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇത് നടപ്പിലാക്കും.
എല്ലാ മെഡിക്കല്‍ കോളജുകളും മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തണം. പോരായ്മകള്‍ ആശുപത്രികള്‍ തന്നെ കണ്ടെത്തി പരിഹരിക്കാന്‍ ഗ്യാപ്പ് അനാലിസിസ് നടത്തണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കല്‍ കോളേജുകളിലേയും സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Story Highlights: Service Quality Improvement Project to be implemented in all Medical Colleges: Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here