Advertisement

കെജിഎഫ് 2 നേടിയത് കണ്ണുതള്ളിക്കുന്ന കളക്ഷന്‍; ഈ വര്‍ഷം ഏറ്റവും നേട്ടമുണ്ടാക്കിയ അഞ്ച് ചലച്ചിത്രങ്ങള്‍ അറിയാം…

June 29, 2022
Google News 2 minutes Read

മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിരന്തരം രോമാഞ്ചം നല്‍കുന്ന വിധത്തില്‍ നിരവധി സിനിമകളിറങ്ങിയ വര്‍ഷമാണ് കടന്നുപോയത്. കുറേ നാളുകള്‍ക്ക് ശേഷം തിയറ്ററില്‍ പോയിരുന്ന് ആവേശത്തോടെ സിനിമ കാണാനുള്ള കൗതുകം കൂടി ഈ വര്‍ഷം കൂടുതല്‍ പേരെ തിയറ്ററിലെത്തിച്ചു. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന കളക്ഷനാണ് പല ചിത്രങ്ങളും നേടിയത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഇന്ത്യയൊട്ടാകെ വലിയ സ്വീകാര്യത ലഭിച്ചു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. ഈ വര്‍ഷം റിലീസ് ചെയ്തതില്‍ ഇതുവരെ ഏറ്റവും കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങള്‍ ഇതാ… (highest-grossing films of the year kgf chapter 2 RRR vikram)

കെജിഎഫ് ചാപ്റ്റര്‍ 2

കെജിഎഫ് ചാപ്റ്റര്‍ വണ്‍ ഇഷ്ടപ്പെട്ടവരെ ഒക്കെ കെജിഎഫ് 2 നിരാശപ്പെടുത്തിയെല്ലെന്ന് മാത്രമല്ല പലര്‍ക്കും പ്രതീക്ഷയിലും വളരെ കൂടുതല്‍ ലഭിച്ചെന്ന അഭിപ്രായമായിരുന്നു. യാഷ് ചിത്രം തിയറ്ററുകളെയാകെ ഇളക്കിമറിച്ചു. 150 കോടിയായിരുന്നു കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ ബഡ്ജറ്റ്. 1228.3 കോടി കെജിഎഫ് വാരി. ഇന്ത്യയില്‍ മാത്രം കെജിഎഫ് 872.6 കോടി നേടി.

ആര്‍ആര്‍ആര്‍

സിനിമാ പ്രേമികള്‍ക്ക് എസ് എസ് രാജമൗലി എന്ന പേരുകേട്ടാലെ നല്ല പ്രതീക്ഷയാണ്. രാം ചരണും ജൂനിയര്‍ എന്‍ടിആറും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ആവേശം കൂടിയായപ്പോള്‍ ആര്‍ആര്‍ആര്‍ വാരിയത് 1131 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നും 784.2 കോടി കളക്ഷന്‍ ചിത്രത്തിന് നേടാനായി. 425 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്.

വിക്രം

അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് കമല്‍ ഹാസന്റെ വിക്രം എത്തുന്നത്. കമല്‍ ഹാസന്‍ മാത്രമല്ല വിജയ് സേതുപതി, ഫഹദ് എന്നിവരുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയും ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന ബാക്ക്ഡ്രൗണ്ട് സ്‌കോറും സിനിമയുടെ ഉജ്ജ്വല വിജയത്തിന്റെ പ്രധാന കാരണങ്ങളാണ്. 115 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. 400 കോടി രൂപ സിനിമ നേടി. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

കശ്മിര്‍ ഫയല്‍സ്

വിവേക് അഗ്നിഹോത്രിയുടെ കശ്മിര്‍ ഫയല്‍സ് രാജ്യമെമ്പാടും വളരെ ചര്‍ച്ചയായ ചലച്ചിത്രമാണ്. ഇന്ത്യയില്‍ മാത്രം ചിത്രം 248 കോടി രൂപ നേടി. ആകെ 344.2 കോടി രൂപ ചിത്രം നേടി.

ബൂല്‍ ബുലയ്യ 2

കാര്‍ത്തിക് ആര്യന്റെ ബൂല്‍ ബുലയ്യ നിര്‍മിച്ചത് 75 കോടി രൂപയ്ക്കാണ്. അതിന്റെ ഇരട്ടിയലധികം നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചു. ഇന്ത്യയില്‍ മാത്രം ചിത്രം 182 കോടി രൂപ നേടി. ആകെ 263.9 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.

Story Highlights: highest-grossing films of the year kgf chapter 2 RRR vikram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here