‘വേണ്ട സാർ ഞാൻ സ്റ്റാർട്ട് ചെയ്തോളാം’; ‘താക്കോൽ കാണുന്നില്ലല്ലോ. താക്കോലെവിടെ ?’ സഹായത്തിന് ചെന്ന്, യുവാവ് ജയിലിലായ കഥ പറഞ്ഞ് പൊലീസ്

തൃശുരിൽ പുലർച്ചെ ഒരു മണിക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന യുവാവിനെ സഹായിക്കാൻ പോയി അതേ യുവാവിനെ അറസ്റ്റ് ചെയ്‌ത് കേരള പൊലീസ്. ബൈക്ക് മോഷ്ടാവിനെ യാദൃശ്ചികമായി പിടികൂടിയ സംഭവം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ രസകരമായി വിവരിച്ചിരിക്കുകയാണ് കേരള പൊലീസ്. (kerala police shares interesting incident of bike thief caught)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
തൃശൂർ ഈസ്റ്റ് പൊലീസ് പട്രോളിങ്ങിനിടെയാണ് രസകരമായ സംഭവം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽകുമാർ എൻ.ബി, സിവിൽ പൊലീസ് ഓഫീസർമാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭവം.
കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്
സമയം പുലർച്ചെ ഒരു മണി. നഗരത്തിലെ ഇടവഴികളിലൂടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്നു തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽകുമാറും സിവിൽ പോലീസ് ഓഫീസർമാരായ ബിനുവും മുഹമ്മദ് റാഫിയും വെളിയനൂർ ഭാഗത്ത് എത്തിയപ്പോൾ ഒരു യുവാവ് ബൈക്കുമായി റോഡരികിൽ നിൽക്കുന്നത് പെട്രോളിംഗ് ടീമിന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
സ്റ്റാർട്ടിംഗ് ട്രബിൾ ആയിരിക്കും. അസമയം, വർക്ക് ഷോപ്പുകളും ഇല്ല. എങ്ങനെയെങ്കിലും അതൊന്ന് ശരിയാക്കിക്കൊടുത്ത് യുവാവിനെ സഹായിക്കാൻ തീരുമാനിച്ചു, പട്രോളിംഗ് സംഘം. ‘എന്താ പ്രശ്നം ?’ – അടുത്തെത്തി അയാളോട് ചോദിച്ചു. ‘ബൈക്ക് സ്റ്റാർട്ടാകുന്നില്ല സർ.’ – ചെറുപ്പക്കാരന്റെ മറുപടി.
‘നോക്കട്ടെ’ – പോലീസുദ്യോഗസ്ഥർ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തയ്യാറെടുത്തു. ‘വേണ്ട സർ, ഞാൻ ശരിയാക്കിക്കൊള്ളാം. സാറന്മാർ പൊയ്ക്കൊള്ളൂ…സാരമില്ല.’ – അയാൾ സവിനയം പറഞ്ഞു. ബൈക്കിൽ താക്കോൽ ഇല്ലാത്ത വിവരം അപ്പോഴാണ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
‘താക്കോൽ കാണുന്നില്ലല്ലോ. താക്കോലെവിടെ ?’ – ചോദ്യത്തിന് മുന്നിൽ അയാൾ പരിഭ്രമിച്ചു. ‘അത്…അത്… കളഞ്ഞു പോയി സർ.’ ബൈക്കിന്റെ ഇലക്ടിക്കൽ വയറുകൾ വിഛേദിച്ചിരിക്കുന്നതായും പോലീസുദ്യോഗസ്ഥർ മനസ്സിലാക്കി. സംശയം തോന്നിയതിനാൽ അയാളോട് പേരും, വിലാസവും മറ്റു വിശദാംശങ്ങളും ചോദിച്ചറിഞ്ഞു.
കൈവശമുണ്ടായിരുന്ന രേഖകളും പരിശോധിച്ചു. ഒപ്പം യുവാവിന്റെ പരിഭ്രമവും വർദ്ധിച്ചു ഇതിനിടയിൽ പോലീസുദ്യോഗസ്ഥർ ഫോൺ വഴി ബൈക്ക് ഉടമസ്ഥന്റെ പേരും വിലാസവും ശേഖരിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ അയാൾ സ്റ്റാർട്ടാക്കാൻ ശ്രമിച്ചത് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച ബൈക്ക് ആണെന്ന് തെളിഞ്ഞു.
കൊക്കാലെയിലുള്ള സ്ഥാപനത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തി കൊണ്ടു പോകുന്നതിനിടെ കൊടുങ്ങല്ലൂർ എസ്.എൻ. പുരം കോതപറമ്പ് കോലാട്ട് അമൽരാജ് (27) ആണ് പിടിയിലായത്. പാണഞ്ചേരി സ്വദേശിയുടേതാണ് ബൈക്ക്. ഇയാൾക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽകുമാർ എൻ.ബി, സിവിൽ പോലീസ് ഓഫീസർമാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് – അഭിനന്ദനങ്ങൾ.
Story Highlights: kerala police shares interesting incident of bike thief caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here