അഞ്ചടി വലുപ്പമുള്ള ജനൽ സെറ്റോടെ ഇളക്കി മാറ്റിയ ശേഷം മോഷണം; പ്രതികളെ തൂക്കിയത് ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ നിന്ന്

വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റിയ ശേഷം അകത്തുകയറി 38.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ പൂങ്കുന്നത്തുള്ള വീട്ടിൽ പതിനാറാം തീയതിയാണ് കവർച്ച നടന്നത്. പ്രത്യേക അന്വേഷണ സംഘമാണ് പശ്ചിമബംഗാൾ സ്വദേശികളായ ഷൈക്ക് മക്ബുൾ (31), മുഹമ്മദ് കൗഷാർ ഷൈക്ക് (45) എന്നിവരെ കുടുക്കിയത്.
അടച്ചിട്ടിരുന്ന വീട്ടിൽ കയറിയാണ് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണം അടിച്ചുമാറ്റിയത്. കള്ളന്മാരെ കണ്ടെത്താനായി 88 സി.സി.ടിവി കാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. പ്രതികളുടെ തിരിച്ചറിയാനാവാത്ത ദൃശ്യമാണ് സി.സി.ടിവി കാമറകളിൽ നിന്ന് ലഭിച്ചത്. നഗരത്തിലെ ലോഡ്ജിൽ പ്രതികൾ റൂം എടുത്തിരുന്നു എന്ന് ഇതിലൂടെ മനസിലാക്കാനായി. ലോഡ്ജിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പശ്ചിമബംഗാൾ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.
Read Also: മോഷ്ടാക്കളിൽ നിന്ന് ജഡ്ജിക്കും രക്ഷയില്ല!; വീട്ടിൽ കയറി പത്ത് പവൻ സ്വർണവും പണവും കവർന്നു
കേസിൽ തുമ്പ് കിട്ടിയതോടെ അന്വേഷണസംഘം ബംഗാളിലേക്ക് തിരിച്ചു. അവിടെയെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ട്രെയിൻ മാർഗം കേരളത്തിലേക്ക് തിരിച്ചെന്ന് മനസിലായി. ഇവരെ പിന്തുടർന്നെത്തിയ പൊലീസുകാർ ചെന്നൈ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ചെന്നൈ എം.ജി.ആർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് മോഷ്ടാക്കളെ പൊക്കിയത്. സാഹസികമായി കമ്പാർട്ട്‌മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെയും അസി. കമ്മിഷണർ വി.കെ. രാജുവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
Story Highlights: stolen gold ; Interstate thieves arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here