എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്; ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററൻ പേസർമാരായ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ടീമിലുണ്ട്. പരുക്കേറ്റതിനാൽ ന്യൂസീലൻഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ആൻഡേഴ്സൺ കളിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന നാലാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിച്ച ടീമിലെ വെറും നാല് താരങ്ങളേ ഈ മത്സരത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ. അടുത്ത മാസം ഒന്നിനാണ് മത്സരം ആരംഭിക്കുക. (test india england playing eleven)
ജോ റൂട്ട്, ഒലി പോപ്പ്, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ എന്നീ താരങ്ങളാണ് ഇരു പ്ലെയിങ് ഇലവനുകളിലെയും പൊതുവായ താരങ്ങൾ. നാലാം ടെസ്റ്റിൽ ടീമിലുണ്ടായിരുന്ന റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, മൊയീൻ അലി, ക്രിസ് വോക്സ്, ക്രെയ്ഗ് ഓവർട്ടൺ, ഒലി റോബിൻസൺ എന്നീ താരങ്ങൾ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള ടീമിൽ ഇല്ല. പകരം സാക്ക് ക്രൗളി, അലക്സ് ലീസ്, ബെൻ സ്റ്റോക്സ്, സാം ബില്ലിങ്സ്, മാത്യു പോട്ട്സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവർ ടീമിൽ ഉൾപ്പെട്ടു. നാലാം മത്സരത്തിൽ ജോ റൂട്ട് ആയിരുന്നു ക്യാപ്റ്റനെങ്കിൽ വരുന്ന മത്സരത്തിൽ ബെൻ സ്റ്റോക്സ് ആണ് ടീമിനെ നയിക്കുക.
Read Also: ‘സഞ്ജു രോഹിതിനെപ്പോലെ’; മലയാളി താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് ബാധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിതനായി ഐസൊലേഷനിലുള്ള താരത്തിന് ഇന്നലെ വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് ഭേദമായിട്ടില്ലെന്ന് വ്യക്തമായത്. താരം എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിതിനു പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും.
ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ടാം ദിവസമാണ് രോഹിതിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ഐസൊലേഷൻ പൂർത്തീകരിച്ച താരത്തെ അഞ്ചാം ദിനം വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു. താരം ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല. ഇതിനു കാരണം കൊവിഡ് നെഗറ്റീവ് ആകാത്തതാണെന്നാണ് സൂചന.
കപിൽ ദേവിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളർ നയിക്കുന്നത്. കപിലിനും ബുംറയ്ക്കുമുടയിൽ 35 വർഷത്തെ ഇടവേളയുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: test india england playing eleven
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here