‘സംഭവത്തിൽ വിശദമായ പരിശോധന നടത്തുന്നു’; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ

എകെജി സെൻ്റർ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു എന്നും രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (thiruvananthapuram commissionar akg centre)
“സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു. രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല. വിശദമായ പരിശോധനകൾ നടത്തുകയാണ്. ഒരാൾ ബൈക്കിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞതായാണ് മനസിലാക്കുന്നത്. സ്ഫോടക വസ്തുവിൻ്റെ വിശദാംശങ്ങളെപ്പറ്റി അറിയില്ല. ബാക്കി വിവരങ്ങൾ കൂടി അറിഞ്ഞതിനു ശേഷമേ എന്തെങ്കിലും പറയാനാവൂ.”- സ്പർജൻ കുമാർ പറഞ്ഞു.
Read Also: എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ ഇപി ജയരാജൻ; ഗുരുതര ആരോപണവുമായി കെ. സുധാകരൻ
അതേസമയം, എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights: thiruvananthapuram city police commissionar akg centre attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here