പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ; നിരപരാധിയെന്ന് തെളിയിക്കുമെന്ന് മുൻ എംഎൽഎ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി ആരോപിച്ചു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി ജോർജിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ജോർജിനെ എ ആർ ക്യാമ്പിൽ എത്തിച്ചു. ഇന്ന് തന്നെ മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കും.
Story Highlights: PC George arrested on molestation complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here