എ.കെ.ജി സെന്ററിന് നേരെയുള്ള ആക്രമണം, സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ

എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത ആളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. അന്തിയൂർകോണം സ്വദേശി റിജുവിനെയാണ് അറസ്റ്റ് ചെയ്തത്. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിൻറെ പേരിൽ കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. റിജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. റിജുവിനെ കസ്റ്റഡിയിൽ എടുത്തത് ഇന്നലെ വൈകിട്ട് മൂന്നു മണിക്കാണ്. അറസ്റ്റ് രേഖപ്പെടുത്തിയത് കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറിനു ശേഷമാണ്. ( Attack on AKG Centre, Detainee Arrested in Another Case )
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. എ.കെ.ജി സെന്ററിന്റെ മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.
രണ്ട് ദിവസം മുമ്പ് രാത്രി 11.30നാണ് സംഭവം നടന്നത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തി. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഇപി ജയരാജൻ, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ അപ്പോൾത്തന്നെ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
ക്രിമിനലുകളുമായി ഇപി ജയരാജന് നല്ല പരിചയമുണ്ട്. അവരിൽ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ പോലും കോൺഗ്രസ് പ്രവർത്തകരെ വൈകാരികമായി പ്രതികരിക്കാൻ അനുവദിച്ചിട്ടില്ല. സിസിറ്റിവി ക്യാമറകൾ പരിശോധിച്ച് ഇതിന്റെ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴൻനാടന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായാണ് ഇപി ജയരാജൻ ഇത് പ്ലാൻ ചെയ്തതെന്നും കെ. സുധാകരൻ ആരോപിച്ചു.
Story Highlights: Attack on AKG Centre, Detainee Arrested in Another Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here