‘വിജയലക്ഷ്യം എത്ര ആയാലും മറികടക്കാൻ ശ്രമിക്കും’; ജോണി ബെയർസ്റ്റോ

വിജയലക്ഷ്യം എത്ര ആയാലും അത് മറികടക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ. നാലാം ദിനത്തിലെയും അഞ്ചാം ദിനത്തിലെയും പിച്ചുകളുടെ അവസ്ഥ അറിയാം. എന്ത് തന്നെയായാലും വിജയലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്ന തന്നെ ചെയ്യുമെന്ന് താരം പ്രതികരിച്ചു. നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്.
“വിജയലക്ഷ്യം എന്തുതന്നെ ആയാലും അത് മറികടക്കാൻ ശ്രമിക്കും. അതിൽ മറ്റ് കാര്യങ്ങൾ നോക്കിയിട്ട് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ഒരു ടെസ്റ്റ് മത്സരം എങ്ങനെ കളിക്കണമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. നാലാം ദിനത്തിലെയും അഞ്ചാം ദിനത്തിലെയും പിച്ചുകളുടെ അവസ്ഥ അറിയാം. അത് കുഴപ്പമില്ല. എന്തായാലും ശൈലി മാറ്റാതെ തന്നെ കളിക്കും. കളി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം.”- ബെയർസ്റ്റോ വിശദീകരിച്ചു.
ആദ്യ ഇന്നിംഗ്സിൽ 106 റൺസെടുത്ത ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയത്.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ സാധ്യതകൾ അവസാനിച്ചു എന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ അഭിപ്രായപ്പെട്ടിരുന്നു. 400നടുത്തുള്ള ലീഡാവും ഇന്ത്യ ലക്ഷ്യം വെക്കുകയെന്നും അത് മറികടക്കാൻ ഇംഗ്ലണ്ടിനു സാധിച്ചേക്കില്ലെന്നും വോൺ പറഞ്ഞു. പന്ത് അസ്ഥിരമായാണ് ബൗൺസ് ചെയ്യുന്നത്. സ്പിന്നർമാർക്ക് നേട്ടം ലഭിച്ചേക്കാം. ഷമിക്കും വിക്കറ്റ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നും ക്രിക്ക്‌ബസുമായി സംസാരിക്കവെ വോൺ കൂട്ടിച്ചേർത്തു.
Story Highlights: jonny bairstow try to win test cricket india england