അന്ന് ബാലകൃഷ്ണപിള്ളയുടെ ‘പഞ്ചാബ് മോഡൽ’, ഇന്ന് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡൽ’; പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ശബരീനാഥൻ

മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. സജി ചെറിയാൻ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും രാജി വയ്ക്കണമെന്നുമുള്ള ആവശ്യം ഉയരുമ്പോൾ 1985 ൽ ആർ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച ‘പഞ്ചാബ് മോഡൽ’ പ്രസംഗമാണ് കേരളം ഓർക്കുന്നത്. അന്ന് ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് ജി കാർത്തികേയനായിരുന്നു. ഇന്ന് സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ജി കാർത്തികേയന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥൻ. ( saji cherian mallappally model balakrishna pillai punjab model )
ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനിലൂടെ പുറത്ത് വന്നത് കമ്യൂണിസ്റ്റിനകത്തെ ഭരണഘടനാ വിരുദ്ധതയാണെന്ന് കെഎസ് ശബരീനാഥൻ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘സാധാരണക്കാരൻ പറയുന്നത് പോലെയല്ല നിയമവും ഭരണഘടനയും അറിയുന്ന സജി ചെറിയാനെ പോലെയുള്ള വ്യക്തി പറയുന്നത്. എന്നും ഭരണഘടനയ്‌ക്കെതിരെ സംസാരിക്കുന്നത് സിപിഐഎമ്മുകാർ തന്നെയാണ്. അവരുടെ ഉള്ളലെ ഭരണഘടനാ വിരുദ്ധതയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കെ-റെയിലിനെതിരെ സമരം ചെയ്തവരെ തീവ്രവാദികളെന്ന് വിളിച്ച വ്യക്തിയാണ് സജി ചെറിയാൻ’- ശബരീനാഥൻ പറഞ്ഞു.
സജി ചെറിയാൻ മാപ്പ് അർഹിക്കുന്നില്ലെന്നും മാപ്പ് പറഞ്ഞാലും രാജി വയ്ക്കുക തന്നെ വേണമെന്നും കെ.എസ് ശബരീനാഥൻ പറഞ്ഞു. സജി ചെറിയാൻ രാജി വയ്ക്കുന്നത് വരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും കെ.എസ് ശബരീനാഥൻ പറഞ്ഞു.
Read Also: സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: കെ സുരേന്ദ്രന്‍
ഇത് സംബന്ധിച്ച് ശബരീനാഥൻ ഫേസ്ബുക്കിലും കുറിച്ചിരുന്നു. ‘രണ്ട് വർഷവും പതിനൊന്നു മാസവും പതിനെട്ട് ദിവസവുമെടുത്താണ് ഡോക്ടർ അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള, വിവിധ രാജ്യങ്ങളിലെ ഭരണഘടന ആശയങ്ങൾ കോർത്തിണക്കിയ ഏറ്റവും മാതൃകാപരമായ ഭരണഘടനയാണ് ഇന്ത്യക്കുള്ളത് എന്നത് ലോകമംഗീകരിച്ചതാണ്. സജി ചെറിയാൻ എന്ന കമ്മ്യൂണിസ്റ്റ് മന്ത്രി ഭരണഘടനയെ വിമർശിക്കുമ്പോൾ പുറത്തുവരുന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഭരണഘടന വിരുദ്ധതയാണ്. കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടത് പാർട്ടി കോടതിയും പാർട്ടി നീതിയുമാണ്.കെ റെയിൽ സമരക്കാരെ തീവ്രവാദികൾ എന്ന് സജി ചെറിയാൻ വിശേഷിപ്പിച്ചത് ഈ ഭരണഘടന വിരുദ്ധമനോഭാവം കൊണ്ടാണ്. ‘പഞ്ചാബ് മോഡൽ’ പ്രസംഗം നടത്തിയ സജി ചെറിയാന് ഭരണഘടനയിൽ അധിഷ്ഠിതമായ ഈ സമൂഹത്തിൽ ഒരു മന്ത്രിയായും സാമാജികനായും തുടരാനുള്ള അവകാശമില്ല. ചെങ്ങന്നൂർ കോടതി റോഡിലുള്ള തന്റെ വക്കിൽ ഓഫീസിൽ പൊടിപറ്റിയിരിക്കുന്ന ഭരണഘടന ഒന്ന് തപ്പിയെടുത്ത് ആയിരം വട്ടം വീണ്ടും വായിച്ചാലും അദ്ദേഹം പഠിക്കും എന്ന് തോന്നുന്നില്ല.സജി ചെറിയാൻ രാജിവെക്കണം’.
എന്തായിരുന്നു 37 വർഷം മുൻപുള്ള ‘പഞ്ചാബ് മോഡൽ’ ?
1985 ലാണ് അന്ന് വൈദ്യുതിമന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയുടെ രാജിയിലേക്ക് നയിച്ച ‘പഞ്ചാബ് മോഡൽ’ പ്രസംഗം നടക്കുന്നത്. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലാണ് ആർ ബാലകൃഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയത്.
പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപ്പിളളയുടെ പ്രസംഗം. പഞ്ചാബിൽ വിഘടനവാദം കത്തി നിൽക്കുന്ന അന്ന്, പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി കാർത്തികേയൻ, ആർ ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിലെത്തി. തുടർന്ന് ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായി.
Story Highlights: saji cherian mallappally model balakrishna pillai punjab model
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here