ഇനിയും 38,000 താമസയിടങ്ങൾ; നാലായിരത്തിലേറെ ശതകോടീശ്വരന്മാർ ഈ വർഷം ദുബായിലേക്ക് ചേക്കേറും…

യുഎഇയിൽ താമസയിടങ്ങൾക്ക് ആവശ്യം വർധിക്കുമെന്നും റിപ്പോർട്ട്. ഗോൾഡൻ വീസയും മറ്റ് നിക്ഷേപ അനുകൂല നടപടികളും കാരണം നിരവധി പേരാണ് യുഎയിലേക്ക് ചേക്കേറുന്നത്. ഈ വർഷം ഇനിയും 38,000 താമസയിടങ്ങൾ ദുബായിൽ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാലായിരത്തിലേറെ ശതകോടീശ്വരന്മാർ ഈ വർഷം ദുബായിലേക്ക് താമസമാറുമെന്നും ഇത് ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഈ മേഖലയിലുള്ളവരും വിലയിരുത്തുന്നുണ്ട്.
ഈ വർഷം ആദ്യപാദത്തിൽ മാത്രം 6700 താമസയിടങ്ങളാണ് ദുബായിൽ നിർമിച്ചത്. ഇനി 31000 കൂടി നിർമിക്കും. മേയിൽ മാത്രം 5440 ഇടപാടുകൾ നടന്നു. ഈ മേഖലയിൽ വർഷം തോറും ശരാശരി 33% വളർച്ചയുണ്ട്. ദുബായ് ലാൻഡ്, ഇന്റർനാഷനൽ സിറ്റി, ജെവിസി എന്നിവിടങ്ങളിലാണ് കൂടുതൽ വിൽപന നടന്നത്. ഈ വർഷം ആദ്യ പാദത്തിൽ എംബിആർ സിറ്റിയിലാണ് ഏറ്റവുമധികം താമസ സ്ഥലങ്ങൾ വിറ്റുപോയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
ദുബായ് ലാൻഡ്, ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബായ് ക്രീക് ഹാർബർ, അൽ ജദ്ദാഫ്, ജെവിസി എന്നിവിടങ്ങളിലാണ് പിന്നീട് താമസയിടങ്ങൾക്ക് ആവശ്യക്കാർ കൂടുതൽ ആയിട്ടുള്ളത്. മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലാണ് ഏറ്റവുമധികം താമസയിടങ്ങൾ വിറ്റുപോയതെന്ന് സൂം പ്രോപ്പർട്ടി ഇൻസൈറ്റ്സ് റിപ്പോർട്ടിൽ പറയുന്നു. സമ്പദ് വ്യവസ്ഥയിൽ രാജ്യാന്തര തലത്തിൽ ഇടിവ് സംഭവിക്കുമ്പോഴും ദുബായിൽ താമസയിടങ്ങളും വസ്തുവകകളും വിറ്റുപോകുന്നത് റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്.
Story Highlights: dubai’s housing market to see supply of 38000 units in 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here