തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്ക്, യൂണിയനുകൾ ഇടപെടേണ്ട: വി ശിവൻകുട്ടി

തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വൻകിട നിർമ്മാണ സൈറ്റുകളിൽ തൊഴിലാളി നിയമനത്തിൽ ട്രേഡ് യൂണിയനുകൾ ഇടപെടുന്ന സ്ഥിതിയുണ്ട്. സംരംഭത്തിൽ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം തൊഴിലുടമകൾക്കാണ്. ഇത് ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കുന്നത് തെറ്റായ പ്രവണതകൾക്ക് വഴിയൊരുക്കും. ഇതു സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ മന്ത്രി ലേബർ കമ്മിഷണറോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന വ്യവസായ ബന്ധബോർഡ് യോഗത്തിലാണ് ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്. ( owner has the right to recruit labors says v sivankutty )
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. എന്നാൽ സംസ്ഥാനത്തിന്റെ വികസനസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒരു ഭാഗത്തു നിന്നും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ അന്തരീക്ഷത്തിൽ ആരോഗ്യകരമായ മാറ്റം ഉണ്ടായതായും ബോർഡ് വിലയിരുത്തി.
Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…
സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച് ചെയ്ത് പരിഹാരം കാണുന്നതിനായി രൂപീകരിച്ച സമിതിയുടെ യോഗം മൂന്ന് മാസത്തിലൊരിക്കൽ കൂടുന്നതിന് യോഗത്തിൽ തീരുമാനമായി. തോട്ടം ലയങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തൊഴിൽ വകുപ്പും വ്യവസായവകുപ്പും സംയുക്തമായി പരിശോധിച്ച് തീരുമാനമെടുക്കും. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമാക്കുന്നതിന് ചെയർമാൻമാർ, എക്സിക്യുട്ടീവ് ഓഫീസർമാർ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. മിനിമം വേതനം നിഷേധിക്കുന്നത് സംബന്ധിച്ച പരാതികളെ ഗൗരവമായി കാണും. പരമ്പരാഗത തൊഴിൽമേഖലകളെ ആധുനീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: owner has the right to recruit labors says v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here