വിക്രത്തിലെ ത്രില്ലടിപ്പിച്ച രംഗങ്ങളുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് ഹോട്ട്സ്റ്റാർ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന, തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമ അനുഭവം തന്നെ ചിത്രം സമ്മാനിച്ചു. പല ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെയും പിന്നിലാക്കിയായിരുന്നു വിക്രത്തിന്റെ കുതിപ്പ്. പ്രതിസന്ധിയിലായിരുന്ന തിയേറ്റർ വ്യവസായത്തിന് ഒരു പുതിയ ഉണർവ് തന്നെ ഈ ചിത്രം സമ്മാനിച്ചു.
കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തി. ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധയും പ്രേക്ഷക പ്രതീക്ഷയും ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വമ്പൻ വിജയമാണ് തിയേറ്ററുകളിൽ ചിത്രം നേടിയത്. തിയേറ്ററുകളിലെ വിജയത്തേരോട്ടത്തിന് ശേഷം വിക്രം ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. ഡിസ്‌നി-ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്. ഇതിന്റെ ഭാഗമായി ഹോട്ട്സ്റ്റാർ തങ്ങളുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌ത വിക്രത്തിന്റെ ഒരു മേക്കിങ് വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച പല രംഗങ്ങളും ചിത്രീകരിച്ചതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചത്.
Story Highlights: vikram making video released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here