Advertisement

ഭരണഘടനയിൽ തിരുത്ത് വേണം, വിചാരധാരയിൽ പറയുന്നത് നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം; പി.കെ കൃഷ്ണദാസ്

July 10, 2022
2 minutes Read
PK Krishnadas with controversial remarks about Constitution

ഭരണഘടനയെക്കുറിച്ചുള്ള ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്നത് നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. ഭരണഘടനയിൽ പാശ്ചാത്യ സ്വാധീനം കൂടുതലുണ്ട്. ഭാരതീയ വൽക്കരണം ആർ.എസ്.എസ് അജണ്ടയാണ്. യൂണിയൻ സ്റ്റേറ്റ് എന്ന ഭാഗം ഭരണഘടനയിൽ നിന്ന് മാറ്റണം. അതായത് ഭരണഘടനയിൽ തിരുത്ത് ആവശ്യമാണ്. ഇന്ത്യയെ ഏകരാഷ്ട്രം ആക്കി മാറ്റണം. ഇന്ത്യയിൽ മതേതരത്വം വികലമായി നടപ്പാക്കുകയാണെന്നും ഏകസിവിൽകോഡ് കൊണ്ടുവരണമെന്നും പി.കെ കൃഷ്ണദാസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ( PK Krishnadas with controversial remarks about Constitution )

പി.കെ കൃഷ്ണദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഭരണഘടന ഭാരതീയവൽക്കരിക്കണമെന്ന കാര്യത്തിൽ സംശയമെന്തിന് ?
സജി ചെറിയാൻ പറഞ്ഞതും ഗുരുജി ഗോൾവാൾക്കാർ വിചാരധാരയിൽ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം –
സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു.
പൂർണമായും ബ്രിട്ടീഷ് നിർമ്മിത ബൂർഷ്വാ നിർമ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം , ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു.
ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറയുന്നു.
എന്നാൽ ഗുരുജി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല.അത് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഭരണഘടനാ ശിൽപികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ട്.

Read Also: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ്ഐ ആർ

എന്നാൽ ഭരണഘടനയുടെ ഉള്ളടക്കത്തിൽ ധാരാളം കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.അടുത്തിടെ ചീഫ് ജസ്റ്റിസ് എൻ.വി രമണ അർഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവൽക്കരിക്കണം അതായത് വൈദേശികമായ സങ്കൽപങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ഗുരുജി പറഞ്ഞതും അതുതന്നെ -: പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജിയുടെ കൂടി ആശയഗതിയനുസരിച്ചാണ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികൾ ഇനിയും പ്രതീക്ഷിക്കാം.

വികലമായ മതേതര സങ്കൽപമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.സർക്കാർ മതകാര്യങ്ങളിലോ മതങ്ങൾ സർക്കാർ കാര്യങ്ങളിലോ ഇടപെടാൻ പാടില്ല എന്നതാണ് യഥാർഥ മതേതരത്വം എന്നാൽ ഇന്ത്യയിൽ നിലവിൽ ഭരണകൂടങ്ങൾ മതകാര്യങ്ങളിൽ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.ഇതുമാറണം. സിവിൽ നിയമങ്ങളിൽ മതപരമായ നിയമങ്ങൾ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്.ഏക സിവിൽ കോഡാണ് മതേതരത്വം.

ഇന്ത്യ എന്നാൽ യൂണിയൻ സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനവും തെറ്റാണ്. സ്റ്റേറ്റുകളുടെ യൂണിയനല്ല ഇന്ത്യ മറിച്ച് ആസേതുഹിമാചലം ഒറ്റരാഷ്ട്രമാണ്. വൈവിധ്യമാർന്ന സംസ്കാരങ്ങളെ മുത്തുകൾ കോർത്തെടുത്ത മാലപോലെ കോർത്തെടുത്ത ഏകരാഷ്ട്രം.
പാശ്ചാത്യ സങ്കൽപമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സർവ്വോദയയും ദീൻദയാൽജി വിഭാവനം ചെയ്ത അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കൽപം

ഇത്തരത്തിൽ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങൾ ഭേദഗതികൾ വരുത്തണം. പക്ഷെ ഒറ്റയടിക്കല്ല ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നതിനനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായി ഭേദഗതികൾ അനിവാര്യമാണ്.
വാൽക്കഷ്ണം : വിചാരധാര മുഴുവൻ വായിച്ച വി.ഡി. സതീശന് ആർ എസ് എസ് സ്ഥാപിച്ചത് ഡോ. കേശവ ബൽറാം ഹെഡ്ഗേവാർ ആണെന്ന് ഇനിയും തിരിഞ്ഞിട്ടില്ല. ഇന്നും പറയുന്നു ഗുരുജിയാണെന്ന്.

Story Highlights: PK Krishnadas with controversial remarks about Constitution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top