ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാര്‍ത്ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്നാണ് പരാതി. സംഭവത്തില്‍ അതിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ബഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയതിനായിരുന്നു സുരക്ഷാ ജീവനക്കാരന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂളിലെത്തിയ ശേഷം കുട്ടി തനിക്ക് മര്‍ദനമേറ്റ വിവരം ക്ലാസ് ടീച്ചറോട് പറയുകയായിരുന്നു. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിലാണ് പതിനാറുകാരനായ കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നത്.
മുന്‍പും തനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ ക്ലാസ് ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. അതിരപ്പള്ളി പൊലീസ് കുട്ടിയെ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Security guard suspended for beating tribal boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here