ദളിത് യുവതിയുടെ ആത്മഹത്യ; ഭർത്താവും കുടുംബവും അറസ്റ്റിൽ

കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും കുടുംബവും അറസ്റ്റിൽ. സംഗീതയുടെ ഭർത്താവ് സുമേഷ്, അമ്മ രമണി, സുമേഷിൻ്റെ സഹോദരഭാര്യ മനീഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഗീതയുടെ കുടുംബം നടത്തിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും സംഗീതയുടെ കുടുംബം പരാതിനൽകിയിരുന്നു. (dalit lady suicide husband family arrested)
സംഗീത മരണപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേരും തൃശൂർ സ്വദേശികളാണ്. ആദ്യം സഹോദരഭാര്യയുടെയും അമ്മയുടെയും അറസ്റ്റാണ് ആദ്യം രേഖപ്പെടുത്തിയത്. ഇതിനു ശേഷം ഭർത്താവ് സുമേഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
2020 ഏപ്രിലിലാണ് സംഗീതയും തൃശ്ശൂർ സ്വദേശി സുമേഷും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു. സംഗീതയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ സമീപിച്ചതും സുമേഷ് ആയിരുന്നു. എന്നാൽ വിവാഹ ശേഷം സുമേഷിന്റെ വീട്ടിൽനിന്ന് സംഗീതയ്ക്ക് ജാതീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നുവെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിക്കാൻ പ്രത്യേകം ഗ്ലാസും പാത്രവും നൽകിയിരുന്നു. കസേരയിൽ ഇരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
‘ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുത്താൽ അവരത് തട്ടി കളയും. കസേരയിലല്ല, നിലത്തിരിക്കണം. പട്ടിയെ പോലെ പണിയെടുക്കാൻ അവൾ വേണം. എന്നിട്ടും അവനൊപ്പം ജീവിക്കണമെന്നാണ് അവൾ ആഗ്രഹിച്ചത്’- സംഗീതയുടെ സഹോദരി സലീന പറയുന്നു.
സ്ത്രീധനം നൽകിയില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് സുമേഷ് സംഗീതയെ ഭീഷണിപ്പെടുത്തി. ഗർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും ഭർത്യ വീട്ടിൽ നിന്ന് സംഗീതക്ക് നേരിടേണ്ടി വന്നത് ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല.
‘അഞ്ചാം മാസത്തിലാണ് കുഞ്ഞ് മരിച്ചത്. ആ കുട്ടിയെ വീട്ടിൽ പോലും കയറ്റിയില്ല. ഞങ്ങളുടെ സ്ഥലത്ത് സൗകര്യമില്ലാത്തതിനാൽ അച്ഛനാണ് പൊതുശ്മശാനത്തിൽ പോയി കുഞ്ഞിനെ സംസ്‌കരിച്ചത്’- സലീന പറയുന്നു.
ഭർത്താവ് സുമേഷിനും കുടുംബത്തിനും എതിരെ സംഗീതയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തീട്ടം ഇവരെ അറസ്റ്റ് ചെയ്യാനോ വേണ്ട നടപടി സ്വീകരിക്കാനോ പോലീസിനെയും തയ്യാറാകുന്നില്ലെന്നാണ് സംഗീതയുടെ കുടുംബത്തിൻറെ ആരോപണം.
Story Highlights: dalit lady suicide husband family arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here