സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്മഷൻ; അനുമതി നിഷേധിച്ച് സ്പീക്കർ

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്നം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചോദ്യങ്ങളിൽ നിന്ന് സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ( vd satheesan submission rejected )
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷന് നോട്ടീസ് നൽകിയത്. സബ്മിഷൻ പട്ടികയിൽ ആദ്യ ഇനമായി വിഷയം ഉൾപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിയമമന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചു. സ്വർണ്ണക്കടത്തുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്നും സബ്മിഷൻ ചട്ട വിരുദ്ധമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി
താൻ ഉന്നയിച്ചത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ പി രാജീവ് ഉന്നയിച്ച ക്രമപ്രശ്നം നിലനിൽക്കുമെന്ന് സ്പീക്കറും നിലപാട് എടുത്തു. സബ്മിഷന് അനുമതിയും നിഷേധിച്ചു.
നിയമസഭയിൽ സർക്കാർ നാടകം കളിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സബ്മിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
Story Highlights: vd satheesan submission rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here