യുവാവിന്റെ തിരോധാനം; പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കിരണിന്റെ പിതാവ്

ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തിൽ കിരണിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മകനെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച്ച പറ്റി. മകനെ അപായപ്പെടുത്തിയതാണ്. പ്രതികളായ പെൺകുട്ടിയുടെ ബന്ധുക്കൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കിരണിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ( Disappearance of young man; Kiran’s father filed a complaint with the Chief Minister pinarayi )
തിരുവനന്തപുരം കുളിച്ചലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് സംശയമുണ്ട്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന്റെ കൈയിൽ കെട്ടിയ ചരട് കണ്ട് അത് തന്റെ മകന്റേത് തന്നെയാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നാൽ മാത്രമേ മൃതദേഹം കിരണിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. കൊല്ലത്തും യുവാവിനെ കാണാതായിട്ടുണ്ട്. ആ വഴിക്കും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read Also: കുളിച്ചലിൽ യുവാവിന്റെ മൃതദേഹമടിഞ്ഞു; പെൺസുഹൃത്തിനെ കാണാൻ പോയ കിരണിന്റെതെന്ന് സംശയം
തിരുവനന്തപുരം ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളെ പൊലീസ് പ്രതിചേർത്തിരുന്നു. പെൺകുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏൽപ്പിക്കലും ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി. പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനം ഭയന്ന് ഓടിയപ്പോൾ കിരൺ കടലിൽ വീണിരിക്കാമെന്നായിരുന്നു പൊലീസ് നിഗമനം.
നരുവാമൂട് സ്വദേശി കിരണിനെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. ആദ്യം കിരൺ കടലിൽ ചാടി ജീവനൊടുക്കിയെന്നാണ് കരുതിയതെങ്കിൽ അന്വേഷണം പുരോഗമിച്ചതോടെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടിയെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവും ചേർന്ന് തടഞ്ഞു. മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഭയന്നോടിയ കിരൺ കാൽ വഴുതി കടലിൽ വീണു. ഇതാണ് തിരോധാനത്തെക്കുറിച്ചുള്ള പൊലീസിന്റെ നിഗമനം. അതിനാലാണ് അസ്വാഭാവിക മരണം എന്ന കുറ്റം മാറ്റി തട്ടിക്കൊണ്ടുപോകൽ, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ അധികമായി ചുമത്തിയത്. പെൺകുട്ടിയുടെ സഹോദരൻ, സഹോദരി ഭർത്താവ്, ബന്ധു എന്നിവരാണ് പ്രതികൾ.
Story Highlights: Disappearance of young man; Kiran’s father filed a complaint with the Chief Minister pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here