India vs England 2nd ODI: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് നൂറുമേനി വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 100 റൺസ് തോൽവി. 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 38.5 ഓവറിൽ 146 റൺസെടുത്ത് പുറത്തായി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ (1-1) ഇംഗ്ലണ്ട് ഒപ്പമെത്തി ( India vs England 2nd ODI ).
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ ഏകദിനം പോലെയായില്ല ലോർഡ്‌സിലേത്. ആദ്യ വിക്കറ്റിൽ ജേസൺ റോയിയും ബയർസ്‌റ്റോയും 41 റൺസ് കണ്ടെത്തി. ജേസൺ റോയിയെ ഹാർദിക് പാണ്ഡ്യയാണ് മടക്കിയത്. പിന്നെ തുടരെ വിക്കറ്റുകൾ. 41ന് ഒന്ന് എന്ന നിലയിൽ നിന്നും 102ന് അഞ്ച് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻസ്റ്റോക്ക് എന്നിവർക്ക് ചഹൽ പുറത്തേക്കുള്ള വഴികാണിച്ചുകൊടുത്തു. നായകൻ ജോസ് ബട്ട്ലർക്ക് അഞ്ച് പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. നാല് റൺസെടുത്ത ബട്‌ലറെ ഷമിയാണ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
എന്നാൽ ലിയാം ലിവിങ്സ്റ്റൺ-അലി സഖ്യവും അലി-വില്ലി സഖ്യവും ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. ലിവിങ്സ്റ്റൺ പതിവുപോലെ അടിച്ചുകളിച്ചപ്പോൾ ഇംഗ്ലണ്ട് സ്‌കോർ ചലിക്കാൻ തുടങ്ങി. എന്നാൽ ലിവിങ്സ്റ്റൺ 33ൽ നിൽക്കെ പാണ്ഡ്യ വീണ്ടും അവതരിച്ചു. ലിവിങ്സ്റ്റണെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആറാം വിക്കറ്റ് സമ്മാനിച്ചു. മുഈൻ അലി- വില്ലി സഖ്യമാണ് ഇംഗ്ലണ്ട് സ്‌കോർ 200 കടത്തിയത്. എന്നാൽ അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ അലി വീണു. ചഹലായിരുന്നു അലിക്കും പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തത്. അവസാനത്തിൽ ഡേവിഡ് വില്ലി ശ്രമിച്ചെങ്കിലും ബുംറ, അയ്യരുടെ കൈകളിൽ അവസാനിപ്പിച്ചു. വാലറ്റത്ത് കാര്യമായ സംഭാവനകൾ ഇല്ലാതെ വന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 246ൽ ഒതുങ്ങി. ചാഹലിന് പുറമെ ബുംറയും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
എന്നാൽ ബോളിങ്ങിൽ ഇംഗ്ലണ്ട് ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് ഉണ്ടായത്. ഇംഗ്ലണ്ടിന്റെ വെടുണ്ട പോലുള്ള ബോളുകൾക്ക് മുന്നിൽ ഇന്ത്യൻ സംഘത്തിന്റെ കാലിടറി. 29 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാർദ്ദിക് പാണ്ഡ്യ 27 റൺസെടുത്തു. 24 റൺസിന് ആറ് വിക്കറ്റെടുത്ത റൈസ് ടോപ്‌ലിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിൻറെ ബാറ്റിംഗ് തകർച്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച. വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. മൂന്നാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. ടോപ്‌ലിയാണ് അക്കൗണ്ട് തുറക്കും മുമ്പെ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടക്കും.
Story Highlights: India vs England 2nd ODI Highlights: England win by 100 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here