ഒരു പന്തിൽ പിടിച്ച് ഉൾക്കടലിൽ കിടന്നത് 18 മണിക്കൂർ; ഇത് ഇവാന്റെ രണ്ടാം ജന്മം

നടുക്കടലിൽ അകപ്പെട്ടുപോയ ഒരു വിനോദസഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ട അവിശ്വസനീയമായ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗ്രീസിലെ കസാന്ദ്രയിലെ മൈറ്റി ബീച്ചിന്റെ തീരത്തുവെച്ചാണ് വടക്കൻ മാസിഡോണിയയിലെ ഇവാൻ എന്ന മുപ്പതുകാരൻ അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. ഇവാനെ കടലിൽ കാണാതായതോടെ ആശങ്കാകുലരായ സുഹൃത്തുക്കൾ കോസ്റ്റ്ഗാർഡിനെ വിവരം അറിയിച്ചു. ഏറെ നേരം കടലിൽ തെരച്ചിൽ നടത്തിയിട്ടും ഇവാനെ കണ്ടെത്താൻ കഴിയാതായതോടെ തെരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ്ഗാർഡും മടങ്ങി. ( Man survives 18 hours at sea by clinging on to football )
എന്നാൽ ടോം ഹാങ്ക്സ് നായകനായ കാസ്റ്റ് എവേ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കടലിൽ കിടന്ന ഒരു പന്തിന്റെ സഹായത്തോടെ ഇവാൻ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒഴുകി നടന്ന ഒരു പന്തിന്റെ മാത്രം സഹായത്തിൽ 18 മണിക്കൂറിൽ അധികം നേരമാണ് ഉൾക്കടലിൽ ഇവാൻ കിടന്നത്. സംഭവം നടന്ന് 18 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ ഇവാനെ കരയ്ക്കെത്തിക്കുന്നത്. ഞായറാഴ്ചയാണ് ഇവാനെ രക്ഷപ്പെടുത്തിയത്.
Read Also: ‘എന്നെന്നും രജപുത്രൻ’; ജാതി പറഞ്ഞ് ജഡേജ: വിമർശനം
എന്നാൽ ഇവാന് ഒപ്പം കടലിൽ അകപ്പെട്ടുപോയ മാർട്ടിൻ ജോവനോവ്സ്കിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവാന്റെ വാർത്ത ഗ്രീക്ക് മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. കടലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഇവാൻ പന്തുമായി പോസ് ചെയ്യുന്ന ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വാർത്ത കണ്ട ഒരു അമ്മയാണ്, ഇവാന്റെ ഫോട്ടോയിലുള്ള തന്റെ കുട്ടിയുടെ പന്ത് തിരിച്ചറിഞ്ഞത്. വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തുന്നതിന് 10 ദിവസം മുമ്പ് മക്കളുടെ കളിപ്പാട്ടം കടലിൽ നഷ്ടപ്പെട്ടിരുന്നതായി അവർ വെളിപ്പെടുത്തുകയും ചെയ്തു.
Story Highlights: Man survives 18 hours at sea by clinging on to football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here