മുതിർന്ന സി.പി.ഐ.എം നേതാവ് ഡി. ബാലചന്ദ്രൻ അന്തരിച്ചു

മുതിർന്ന സി.പി.ഐ.എം നേതാവും അദ്ധ്യാപകനുമായിരുന്ന കൊല്ലം മയ്യനാട് സുമതി ഭവനിൽ ഡി. ബാലചന്ദ്രൻ (90) അന്തരിച്ചു. കൊല്ലം എൻ.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവും മയ്യനാട് പഞ്ചായത്തിന്റെയും മയ്യനാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെയും പ്രസിഡന്റുമായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് സമീപകാലത്ത് പാർട്ടിയിലെ പ്രധാന ചുമതലകളിൽ നിന്ന് ഒഴിവായിരുന്നു.
Read Also: പ്രതാപ് പോത്തന്‍ അന്തരിച്ചു
കേരള പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ സ്ഥാപകനേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറിയാണ്. മികച്ച സഹകാരിക്കുള്ള സംസ്ഥാന അവാർഡ്, മികച്ച ഗ്രന്ഥശാലാ പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ദീർഘകാലം ഇതേ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതു വരെ സി.പി.ഐ.എം വേദികളിൽ സജീവമായിരുന്നു.
മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന പി. ലീലാവതിയാണ് ഭാര്യ. മക്കൾ: കേരളകൗമുദി മുൻ എക്സിക്യുട്ടീവ് എഡിറ്റർ ബി.സി. ജോജോ, ചലച്ചിത്ര നിർമ്മാതാവ് ബി.സി. ജോഷി. മരുമക്കൾ: ഡോ. ടി.കെ സുഷമ (വർക്കല എസ്.എൻ കോളേജ് ഹിന്ദി വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസർ), എസ്. ബിന്ദു (മയ്യനാട് എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക).
Story Highlights: Senior CPIM leader D. Balachandran passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here