‘നിനക്ക് വേണ്ടി അനുശോചന കുറിപ്പെഴുതേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല’; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി സുഹാസിനി

അന്തരിച്ച നടൻ പ്രതാപ് പോത്തനെ അനുസ്മരിച്ച് നടി സുഹാസിനി മണിരത്‌നം. സുഹാസിനിയുടെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു പ്രതാപ് പോത്തൻ. ( suhasini writes tribute to prathap pothen )
‘ഹായ് പ്രതാപ്, നിനക്ക് വേണ്ടി ഒരു അനുശോചന കുറിപ്പെഴുതേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല.
1979 ലാണ് ഞാൻ നിങ്ങളെ കാണുന്നത്. അന്ന് നിങ്ങൾ ഒരു യുവ നടനും ഞാൻ അശോക് കുമാറിന്റെ ക്യാമറ അസിസ്റ്റന്റുമായിരുന്നു. പല കടമ്പകളും മറികടന്ന്, പല സാഹചര്യങ്ങളും മാറി മറിഞ്ഞതോടെ ഞാൻ മഹേന്ദ്രന്റെ ചിത്രത്തിൽ വേഷമിട്ടു, നിങ്ങൾ എന്റെ ഭർത്താവായും അഭിനയിച്ചു. ആ സിനിമയിൽ നിങ്ങളോട് സംസാരിക്കാൻ ഞാൻ വിസമ്മതിച്ചു, പക്ഷേ യഥാർത്ഥജീവിതത്തിൽ നമ്മൾ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
സിനിമാ മേഖലയിലെ എന്റെ ആദ്യ സുഹൃത്താണ് നിങ്ങൾ. നിങ്ങളുടെ ബുദ്ധികൂർമത, നർമം, ഉല്ലാസം എന്നിവ ഞങ്ങളിലും പ്രതിഫലിച്ചു. നിങ്ങളുടെ അറിവും നർമവും കൊണ്ട് സിനിമാ സെറ്റുകളെല്ലാം നിങ്ങൾ ഉത്സാഹഭരിതമാക്കി. എത്ര പെട്ടെന്നാണ് നിങ്ങൾ സുഹൃത്തുക്കളെ സൃഷ്ടിച്ചത്. എന്റെ അമ്മാവൻ കമൽ മുതൽ പ്രഭുവും, സത്യരാജും, മണിരത്‌നവും, ബാലചന്ദറും, ഭാരതിരാജയുമെല്ലാം…എത്ര പെട്ടെന്നാണ് നിങ്ങൾ ഹൃദയങ്ങൾ കീഴടക്കുന്നത്.
നിങ്ങളായിരുന്നു ദക്ഷിണേന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാർ തരംഗം. എല്ലാ സംവിധായകർക്കും നിങ്ങളെ സിനിമയിലേക്ക് ആവശ്യമായിരുന്നു. എല്ലാ നടിമാർക്കും നിങ്ങൾക്കൊപ്പം അഭിനയിക്കണമായിരുന്നു. നിങ്ങൾ ഒരു ടെക്‌നീഷ്യന്റെ സ്വപ്‌ന നടനായിരുന്നു. സ്റ്റിൽസ് രവി മുതൽ ബി.ആർ വിജയലക്ഷ്മി വരെ നിങ്ങളെ ആരാധിച്ചിരുന്നു.
നിങ്ങളുടെ ലോറൻസ് സ്‌കൂൾ ശിക്ഷണവും, എംസിസി പശ്ചാത്തലവും, വലിയ സുഹൃത്ത് വലയവും…ഞങ്ങളെല്ലാം നിങ്ങളോട് എത്ര അസൂയയുള്ളവരായിരുന്നു. നിങ്ങൾ പ്രൗഢവും കുലീനനുമായിരുന്നു.
എന്റെ ജീവിതത്തിൽ ആദ്യമായി ബ്ലാക്ക് വെൽവെറ്റ് ജാക്ക് കാണുന്നത് നിങ്ങളുടെ ചുമലിലാണ്. എന്നും ഒരു സുഹൃത്തിനെ പോലെ എനിക്കൊപ്പം നിങ്ങൾ നിലകൊണ്ടു. വർഷങ്ങൾക്കിപ്പുറവും അതിൽ മാറ്റമൊന്നും ഉണ്ടായില്ല. ഞാൻ പ്രത്യാശിക്കുന്നു, എന്റെ മറ്റ് സുഹൃത്തുക്കൾക്കും നിങ്ങളെ പോലെ ഒരു കോ-സ്റ്റാറിനെ അവരുടെ ആദ്യ ചിത്രത്തിൽ ലഭിച്ചിരുന്നെങ്കിലെന്ന്. ഞാൻ ഭാഗ്യവതിയായിരുന്നു.
നിങ്ങൾ അഭിനയത്തിൽ നിന്ന് എഴുത്തിലേക്കും സംവിധാനത്തിലേക്കും വളർന്ന് ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരവും നേടി. നിങ്ങളൊരു അണ്ടർ റേറ്റഡ് ജീനിയസാണെന്ന് ഞാൻ പറയില്ല, പക്ഷേ നിങ്ങളുടെ കഴിവുകളെ നിങ്ങൾ വേണ്ട വിധത്തിൽ പുറത്തെടുത്തില്ല.
ഞങ്ങൾക്കെല്ലാവർക്കുമായി കുറേ ഇരട്ടപ്പേരുകൾ നിങ്ങളുടെ കൈയിലുണ്ടായിരുന്നു. എന്റേത് നിങ്ങളൊരിക്കൽ മറക്കില്ല. അത് ജോളിക്കുട്ടി മാത്യൂസ് എന്നായിരുന്നു.
മുൻപൊരിക്കലും ഇല്ലാത്ത രീതിയിൽ സന്തോഷം പരത്തിയതിന് നന്ദി. എന്റെ പ്രിയ സുഹൃത്തിന് വിട…നിങ്ങൾ എവിടെ ആയിരുന്നാലും ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളിരിക്കുന്ന മുറിയിൽ സന്തോഷവും ചിരിയും നിറയുമെന്ന് ഉറപ്പ്.
എന്ന് സ്വന്തം,
ജോളി കുട്ടി മാത്യൂസ്. ചിലപ്പോൾ മേരി കുട്ടി ജോയ്‌സ്’.
ജൂലൈ 16ന് വന്ന ‘ദ ഹിന്ദു’വിലായിരുന്നു സുഹാസിനിയുടെ കുറിപ്പ്.
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
Story Highlights: suhasini writes tribute to prathap pothen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here