കുരങ്ങു വസൂരി: പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കുരങ്ങു വസൂരി സ്ഥിരീകരിച്ച സംസ്ഥാനത്ത് പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. സ്ഥിതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം രണ്ട് ദിവസം കൂടി കേരളത്തിൽ തുടരും. രോഗം സ്ഥിരീകരിച്ചയാളുടെ കൊല്ലത്തെ വീട് ഉൾപ്പെടുന്ന പ്രദേശത്തും സംഘം സന്ദർശനം നടത്തും. (monkey pox kerala health department)
നിലവിൽ ചിക്കൻ പോക്സിന്റെ ലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ പരിശോധന നടത്തി മങ്കിപോക്സ് അല്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. രോഗികളെയും രോഗം സംശയിക്കുന്നവരേയും ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് സജ്ജമാക്കും. ലക്ഷണങ്ങളുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. കുരങ്ങുവസൂരി ബാധിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി പറഞ്ഞു.
മറ്റാർക്കും രോഗലക്ഷണമില്ല. സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷിച്ചുവരുന്നു. ചിക്കൻപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് കുരങ്ങുവസൂരി അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റൊർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാൻഡമായി പരിശോധിക്കുന്നതാണ്.
സംസ്ഥാനത്ത് കുരങ്ങുവസൂരി പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയിൽ നടന്നുവരികയാണ്. ഇതുവരെ 1200ലധികം ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി. ഡെർമറ്റോളജിസ്റ്റ്, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവർക്കും വിദഗ്ധ പരിശീലനം നൽകും. എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകി വരുന്നു.
Story Highlights: monkey pox kerala health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here