മധു കേസിൽ സർക്കാർ കള്ളക്കളി ഉപേക്ഷിക്കണം; രൂക്ഷ വിമർശനവുമായി വി.എം. സുധീരൻ

അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറിയ പശ്ചാത്തലത്തിൽ സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മധു കേസിൽ സർക്കാർ കള്ളക്കളി ഉപേക്ഷിച്ച് നീതിപൂർവ്വം പ്രവർത്തിക്കണമെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. ( Madhu case, VM Sudheeran criticized the government )
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് നീതി നൽകുന്നതിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയുടെ ഫലമാണ് മധു കേസിൽ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം. കള്ളക്കളി ഉപേക്ഷിച്ച് ഇനിയെങ്കിലും നീതിപൂർവ്വം ഫലപ്രദമായി പ്രവർത്തിക്കാൻ സർക്കാരിനും അധികാരികൾക്കും കഴിയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അത് മാപ്പർഹിക്കാത്ത അപരാധമാകും. വി.എം. സുധീരൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് ഏറ്റവും ഒടുവിൽ കൂറുമാറിയത്. നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണികൃഷ്ണനും മധുവിന്റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് നേരത്തെ കൂറുമാറിയത്. വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ ഇന്ന് വീണ്ടും വിചാരണ പുനരാരംഭിച്ചതിനിടെയാണ് മധു കേസില്‍ സാക്ഷി കൂറുമാറിയത്. മണ്ണാര്‍ക്കാട് എസ് സി, എസ്ടി കോടതിയിലാണ് വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സര്‍ക്കാര്‍ നിയോഗിച്ച ശേഷമാണ് ഇന്ന് വീണ്ടും വിചാരണ പുനരാരംഭിച്ചത്.
നേരത്തെ പത്ത്, പതിനൊന്ന് സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂട്ടറെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്നത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേന്ദ്രനെ മാറ്റുകയും അഡീ.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തത്.
Story Highlights: Madhu case, VM Sudheeran criticized the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here