നീറ്റ് പരീക്ഷാ വിവാദം; കോളജിൽ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കൊല്ലം ആയൂർ മാർത്തോമാ കോളജിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പൊലീസ്. കോളജിന്റെ ജനൽച്ചില്ലകൾ വിദ്യാർത്ഥികൾ അടിച്ചു തകർത്തിരുന്നു. മാത്രമല്ല സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തിൽ മാധ്യമപ്രവർത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്. പൊലീസ് പ്രതിഷേധക്കാരെ ക്യാമ്പസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. പൊലീസ് ബാരിക്കേഡുകൾ തകർത്താണ് വിദ്യാർത്ഥികൾ അകത്തുകയറിയത്. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. ( NEET exam controversy; police brutally beat up the students )
നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജിൽ പരീക്ഷക്കെത്തിയ എല്ലാ പെൺകുട്ടികളുടെയും അടിവസ്ത്രമഴിച്ചെന്ന് പരാതിയുണ്ട്.
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷ എഴുതിച്ചതിനെതിരെ പരാതിക്കാരിയുടെ അച്ഛൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ മകൾ ഇനി ഒരിക്കലും നീറ്റ് പരീക്ഷയ്ക്കായി വരില്ലെന്ന് പറഞ്ഞതായി അച്ഛൻ ട്വന്റിഫോറിനോട് വ്യക്തമാക്കി. വിതുമ്പിക്കൊണ്ടാണ് അച്ഛൻ പ്രതികരിച്ചത്. വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചത് ക്രിമിനൽ കുറ്റമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നടപടി വേണം. ധിക്കാരപരമായ നടപടിയാണ് പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടികൾക്കെതിരെ ഉണ്ടായത്. സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: NEET exam controversy; police brutally beat up the students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here