കെ. സുധാകരൻ മാപ്പ് പറഞ്ഞത് മണിയോടല്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

എം.എം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.സുധാകരൻ മാപ്പ് പറഞ്ഞത് മണിയോടല്ലെന്നും പൊതു സമൂഹത്തോടാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ വാമൊഴി കൊണ്ട് മുറിവേറ്റ മനുഷ്യരോട് പോലും ക്ഷമ ചോദിച്ച് ശീലമില്ലാത്ത, അന്തസ്സെന്ന പദമെന്ത് എന്നറിയാത്ത മണിക്ക് ഇത് തിരിച്ചറിയാനാകില്ലെന്നും രാഹുൽ വിമർശിച്ചു. ( Rahul Mamkootathil’s Facebook post criticizing MM Mani and supporting K. Sudhakaran )
അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ രംഗത്തെത്തിയിരുന്നു. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കെ.കെ. രമയ്ക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.
എം.എം.മണിക്ക് ചിമ്പാൻസിയുടെ മുഖമാണെന്നായിരുന്നു കെ. സുധാകരൻ എംപി പരിഹാസം. യഥാർത്ഥ മുഖമല്ലേ ഫ്ലെക്സിൽ കാണിക്കാൻ പറ്റു. മുഖം ചിമ്പാൻസിയെ പോലെ ആയതിൽ സൃഷ്ടാവിനോട് പരാതിപ്പെടണം. ഇതിൽ കോൺഗ്രസ് എന്ത് പിഴച്ചെന്നും കെ.സുധാകരൻ പറഞ്ഞു. ചിമ്പാൻസിയുടെ ഉടലിൽ എം.എം.മണിയുടെ തല വച്ചുള്ള മഹിളാ കോൺഗ്രസ് പ്രധിഷേധത്തെ കെപിസിസി അധ്യക്ഷൻ പിന്തുണച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചത് അന്തസുള്ളത് കൊണ്ട്. എം.എം.മണിക്ക് തറവാടിത്തമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“മാപ്പും കോപ്പും വേണ്ടെന്ന” എം.എം മണിയുടെ പ്രസ്താവന അദ്ഭുതപ്പെടുത്തിയില്ല. അതിന് കാരണം വാമൊഴിയുടെ തമ്പുരാനാണല്ലോ അദ്ദേഹം. മണിയോട് പറയാനുള്ളത്, കെ.സുധാകരൻ മാപ്പ് പറഞ്ഞത് മണിയോടല്ല പൊതു സമൂഹത്തോടാണ്.
പൊതു സമൂഹം നൽകുന്ന അംഗീകാരവും വിമർശനവുമാണ് പൊതു പ്രവർത്തകന്റെ മൂലധനമെന്ന തിരുച്ചറിവിൽ നിന്നാണ് കെ.പി സി സി പ്രസിഡന്റ് മാപ്പ് പറഞ്ഞത്.
തന്റെ വാമൊഴി കൊണ്ട് മുറിഞ്ഞ മനുഷ്യരോട് പോലും ക്ഷമ ചോദിച്ച് ശീലമില്ലാത്ത, അന്തസ്സെന്ന പദമെന്ത് എന്നറിയാത്ത മണിക്ക് ഇത് തിരിച്ചറിയണമെന്നില്ല. പെമ്പിളൈ ഒരുമയെന്ന സ്ത്രീ കൂട്ടായ്‌മയോട് അവർക്ക് മറ്റേ പണിയാണെന്ന് പറഞ്ഞ മണി, സി.പി.ഐ ദേശീയ വനിതാ നേതാവായ ആനി രാജ ഡൽഹിയിൽ ഒണ്ടാക്കുകയാണെന്ന് പരിഹസിച്ചു ചിരിച്ചിട്ടും താൻ ചെയ്ത അപരാധമെന്ത് എന്ന ബോധമില്ലാത്ത മണിയോട് Political correctness നെക്കുറിച്ച് സംസാരിക്കുന്നവനോളം വിഢഢി മറ്റാരുമുണ്ടാകില്ല.
Story Highlights: Rahul Mamkootathil’s Facebook post criticizing MM Mani and supporting K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here