നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ടിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ടിൽ ദിലീപിനെതിരെ തെളിവുനശിപ്പിയ്ക്കൽ ഉൾപ്പെടെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. റിപ്പോർട്ട് സമർപ്പിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കില്ല. കേസിൽ വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ബിജെപി നേതാവിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. വ്യാജ വാട്സപ്പ് ഗ്രൂപ്പ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. (actress attack cases dileep)
തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ കൂടി ദിലീപിനെതിരായ അനുബന്ധ കുറ്റപത്രത്തിൽ ചേർക്കും.
ദിലീപിന്റെ സുഹൃത്ത് ശരത് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ നശിപ്പിയ്ക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയിരുന്നു. അനുബന്ധ കുറ്റപത്രത്തിൽ ശരതും പ്രതിയാകും. വെളളിയാഴ്ച അനുബന്ധ കുറ്റപത്രം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷവും അന്വേഷണം തുടരും.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിനെ കുറിച്ചും തെളിവ് നശിപ്പിയ്ക്കാൻ നടത്തിയ ശ്രമങ്ങൾ സംബന്ധിച്ചും അന്വേഷണം തുടരാനാണ് തീരുമാനം. മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ എട്ടാം പ്രതി ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബിജെപി നേതാവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ ഉല്ലാസ് ബാബുവിൻ്റേതാണെന്നാണ് കരുതുന്നത്. ഉല്ലാസ് ബാബുവിന്റെ ശബ്ദ സാംപിൾ കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടാണ് സുനിയെ എത്തിച്ചത്. ജാമ്യഹർജി സുപ്രിംകോടതി തള്ളിയതിന് ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം.
Story Highlights: actress attack more cases dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here