സോണിയയെ അനുഗമിക്കാനോ പ്രതിഷേധിക്കാനോ എം.പിമാരെ അനുവദിക്കില്ല; ന്യൂ ഡൽഹി ഡിസിപി 24നോട്

ചോദ്യം ചെയ്യലിന് ഇ.ഡി ഓഫീസിലെത്തുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അനുഗമിക്കാനോ പ്രതിഷേധിക്കാനോ എം.പിമാരെ അനുവദിക്കില്ലെന്ന് ന്യൂ ഡൽഹി ഡിസിപി അമൃത ഗുഗുലോത് 24 നോട് പറഞ്ഞു. മേഖലയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ എല്ലാവർക്കും ബാധകമാണ്. എല്ലാവരും നിയമം അനുസരിക്കണം. മാധ്യമങ്ങൾക്കും എഐസിസി ഓഫീസിൽ കയറാൻ വിലക്ക് ഏർപ്പെടുത്തി എന്ന ജയറാം രമേഷിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. മാധ്യമപ്രവർത്തകരെ തടഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പാർലമെന്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരിക്കുകയാണ് കോൺഗ്രസ് എംപിമാർ. പാർലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.
കേന്ദ്രസർക്കാരിന്റേത് പ്രതികാര നടപടിയാണ്. ജനാതിപത്യ വിശ്വാസികൾക്ക് ആശങ്കയുണ്ട്. സോണിയയുടെ ആരോഗ്യ സ്ഥിതി മോശമാണ്. ഹാജരാകുന്നത് നിയമം അനുസരിക്കുന്നതിനാൽ. എംപിമാരെ പോലും പ്രതിഷേധിക്കാൻ അനുവദിക്കാത്തത് പാർലമെന്റിൽ ഉന്നയിക്കും. എ ഐ സി സി മുഴുവൻ വളഞ്ഞാലും സമരം അവസാനിപ്പിക്കില്ലെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.
Story Highlights: Congress MPs will not be allowed to protest; New Delhi DCP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here