Advertisement

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം; വെസ്റ്റ് ഇൻഡീസിനെ 3 റൺസിന് തോൽപ്പിച്ചു

July 23, 2022
Google News 2 minutes Read

അവസാന ഓവർ വരെ നീണ്ട ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം നിന്നു. വെറും 3 റൺസിന് കഷ്ടിച്ചായിരുന്നു ഇന്ത്യൻ ജയം. മറുപടി ബാറ്റിംഗിൽ ഒന്ന് പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിൻഡീസ് ഞെട്ടിച്ചു. അഞ്ചാം ഓവറിൽ ഷായ് ഹോപ്പ് (7) സിറാജിന്റെ പന്തിൽ പുറത്തായി. പിന്നീട് ഷംര ബ്രൂക്‌സും, കെയ്‌ൽ മെയേഴ്‌സും ചേർന്ന് 117 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. 24-ാം ഓവറിൽ ബ്രൂക്‌സിനെ പവലിയനിലേക്ക് മടക്കി ഷാർദുൽ താക്കൂർ കൂട്ടുകെട്ട് പൊളിച്ചു. 4 ബൗണ്ടറിയും 1 സിക്‌സും അടക്കം 61 പന്തിൽ 46 റൺസാണ് താരം നേടിയത്.

26-ാം ഓവറിൽ താക്കൂർ അപകടകാരിയായ മേയേഴ്സിനെയും പുറത്താക്കി. 68 പന്തിൽ 10 ബൗണ്ടറിയും 1 സിക്‌സും സഹിതം 75 റൺസാണ് മേയേഴ്സ് നേടിയത്. നാലാം വിക്കറ്റിൽ കിംഗിനൊപ്പം ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (25) 51 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 66 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 54 റൺസാണ് കിംഗ് അടിച്ചുകൂട്ടിയത്. എന്നാൽ രണ്ട് വിക്കറ്റ് കൂടി വീണതോടെ വിൻഡീസ് വേഗത കുറഞ്ഞു. അകിൽ ഹൊസൈനും, റൂഥർ ഷെപ്പേർഡും ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും സിറാജ് വഴിമുടക്കി.

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. സമർത്ഥമായി ബൗൾ ചെയ്‌ത സിറാജ് 11 റൺസ് മാത്രമാണ് വിട്ടുനൽകിയത്. നേരത്തെ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ഒന്നാം വിക്കറ്റിൽ 119 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിൽ ഗിൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. 53 പന്തിൽ 6 ഫോറും 2 സിക്സും സഹിതം 64 റൺസാണ് താരം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഏകദിന അർധ സെഞ്ച്വറിയാണിത്.

രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ധവാൻ 94 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 10 ഫോറും 3 സിക്സും സഹിതം 97 റൺസാണ് ധവാൻ നേടിയത്. 57 പന്തുകൾ നേരിട്ട അയ്യർ 54 റൺസെടുത്തു. സൂര്യകുമാർ യാദവ് (14 പന്തിൽ 13), സഞ്ജു സാംസൺ (18 പന്തിൽ 12) എന്നിവരുടെ വിക്കറ്റുകൾ വേഗം വീണു. 39-ാം ഓവറിൽ അകിൽ ഹൊസൈന്റെ പന്തിൽ സൂര്യകുമാർ പുറത്തായപ്പോൾ 43-ാം ഓവറിൽ റൂഥർ ഷെപ്പേർഡിന്റെ പന്തിൽ സാംസൺ എൽബിഡബ്ല്യു ആയി. ദീപക് ഹൂഡയും (32 പന്തിൽ 27) അക്‌സർ പട്ടേലും (21 പന്തിൽ 21) ആറാം വിക്കറ്റിൽ 42 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടുണ്ടാക്കി. ഷാർദുൽ താക്കൂറും (7) മുഹമ്മദ് സിറാജും (1) പുറത്താകാതെ നിന്നു.

Story Highlights: india defeat West Indies by 3 runs, lead series 1-0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here