ലിബിയൻ തലസ്ഥാനത്ത് ഏറ്റുമുട്ടൽ, 13 പേർ കൊല്ലപ്പെട്ടു

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ മൂന്ന് സാധാരണക്കാരും 12 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. 30 പേർക്ക് പരുക്കേറ്റതായും എമർജൻസി സർവീസ് വക്താവ് അറിയിച്ചു.
ഒരു ദശാബ്ദത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം, ആപേക്ഷിക സമാധാനത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ സംഭവമാണിത്. നേരത്തെ ലിബിയയിലെ എതിരാളി സർക്കാരുകളിലൊന്ന് പോരാട്ടം അവസാനിപ്പിക്കാൻ മിലിഷ്യകളോട് ആവശ്യപ്പെട്ടിരുന്നു. എതിർ സർക്കാർ ഇത് മുഖവുരയ്‌ക്കെടുക്കാതെ നീങ്ങിയതോടെ നൂറുകണക്കിന് ആളുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി.
ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ശക്തികളും ഉടൻ താവളങ്ങളിലേക്ക് മടങ്ങണമെന്ന് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ ആവശ്യപ്പെട്ടു. ജനവാസ പ്രദേശത്ത് നടക്കുന്ന വെടിവയ്പ്പ് അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. അതേസമയം സംഘർഷം നഗരത്തിന്റെ മറ്റ് മേഖലകളിലേക്കും വ്യാപിച്ചു. ട്രിപ്പോളിയിലെ ഏക പ്രവർത്തന വിമാനത്താവളമായ ‘മിറ്റിഗ’ സുരക്ഷ മുൻ നിർത്തി അടച്ചിടുകയാണെന്ന് അറിയിച്ചു.
വർഷങ്ങളായി കിഴക്ക്-പടിഞ്ഞാറ് ഭരണകൂടങ്ങൾക്കിടയിൽ നടക്കുന്ന യുദ്ധം മൂലം ലിബിയ രണ്ടായി വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. ഓരോന്നിനും വിവിധ സായുധ സേനകളുടെയും വിദേശ സർക്കാരുകളുടെയും പിന്തുണയുണ്ട്. കഴിഞ്ഞ മാസം മുതൽ 2 വിഭാഗം സേനകൾ നിരവധി ആക്രമണം നടത്തിയിരുങ്കിലും, മിക്കതും മണിക്കൂറുകൾക്കുള്ളിൽ അവസാനിച്ചിരുന്നു.
Story Highlights: Libya official: Renewed militia clashes in Tripoli kill 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here