Advertisement

ഓണം വാരാഘോഷത്തിന് സെപ്റ്റംബര്‍ ആറിന് കൊടിയേറും

July 23, 2022
Google News 1 minute Read

ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് പൂരാടം നാളായ സെപ്റ്റംബര്‍ ആറിന് തിരിതെളിയും. 12ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്കു തിരശീല വീഴും. ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പാണ് ഓണം വാരാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുക.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഇത്തവണ മുൻ വർഷത്തേക്കാൾ പ്രൗഢഗംഭീരമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം മേഖലകളുടെ പ്രൗഢി വിളിച്ചോതുന്ന വിധത്തിൽ ഏറ്റവും ആകർഷകമായായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്നും ഓണം വാരാഘോഷത്തിന്റെ ആലോചനാ യോഗത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വിദേശ സഞ്ചാരികളടക്കം തലസ്ഥാനത്തെത്തുന്ന അതിഥികൾക്ക് മറക്കാനാവാത്ത അനുഭവമായി ഓണാഘോഷം മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. ടൂറിസം വിപണന സാധ്യതകൾ കൂടി ഫലപ്രദമായി വിനിയോഗിക്കുന്ന വിധത്തിൽ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. മുൻ വർഷങ്ങളിലേതു പോലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുക. കനകക്കുന്ന് കേന്ദ്രീകരിച്ചാകും തിരുവനന്തപുരം നഗരത്തിലെ ഓണം വാരാഘോഷ പരിപാടികള്‍ നടക്കുക. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 30ഓളം വേദികളിൽ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

വിവിധ സബ് കമ്മിറ്റികൾ ഉടൻതന്നെ യോഗം ചേർന്ന് പരിപാടികൾ വിജയകരമായി നടപ്പാക്കാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങണമെന്നും മന്ത്രി നിർദേശിച്ചു. കേരളം മുഴുവൻ ശ്രദ്ധിക്കുന്നതാണ് തിരുവനന്തപുരത്ത് നടക്കുന്ന ഓണാഘോഷ പരിപാടികളെന്നും ആവർത്തനവിരസത ഒഴിവാക്കി പുതുമയാർന്ന പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സബ് കമ്മറ്റികളുടെ ചുമതലയുള്ള എം.എൽ.എമാർ അടിയന്തരമായി യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Onam week celebrations will be hoisted on September 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here