പ്രീസീസൺ; ചെൽസിയെ തകർത്ത് ആഴ്സണൽ

പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ആഴ്സണൽ. അമേരിക്കയിൽ നടക്കുന്ന ഫ്ലോറിഡ കപ്പിലാണ് മടക്കമില്ലാത്ത നാല് ഗോളുകൾക്ക് ആഴ്സണൽ ചെൽസിയെ മുക്കിയത്. ഗബ്രിയേൽ ജെസൂസ്, മാർട്ടിൻ ഒഡെഗാർഡ്, ബുക്കായോ സാക്ക, ആൽബർട്ട് സാംബി സൊക്കോങ്ക എന്നിവരാണ് ഗോൾ സ്കോറർമാർ. (preseason chelsea won arsenal)
സിറ്റിയിൽ നിന്നെത്തിയ യുക്രേനിയൻ പ്രതിരോധ താരം ഒലക്സാണ്ടർ സിഞ്ചെങ്കോ അരങ്ങേറിയ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ആഴ്സണൽ നടത്തിയത്. പുതിയ സൈനിങുകളൊക്കെ കളം നിറഞ്ഞപ്പോൾ ഗബ്രിയേൽ ജെസൂസ് ആഴ്സണലിനായി ആദ്യ ഗോൾ നേടി. 15ആം മിനിട്ടിൽ സാക്കയിൽ നിന്ന് പാസ് സ്വീകരിച്ച താരം ഒരു ചിപ്പ് ഷോട്ടിലൂടെയാണ് വലകുലുക്കിയത്. 36ആം മിനിട്ടിൽ മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിൻ്റെ ലീഡ് ഇരട്ടിയാക്കി. മാർട്ടിനെല്ലിയാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ആദ്യ പകുതി 2-0 എന്ന സ്കോറിനു പിരിഞ്ഞു. രണ്ടാം പകുതിയിൽ ചെൽസി മത്സരത്തിലേക്ക് തിരികെവരുന്ന സൂചനകൾ നൽകിയെങ്കിൽ 66ആം മിനിട്ടിൽ ബുക്കായോ സാക്ക നേടിയ ഗോളിൽ ആഴ്സണൽ കളിയിൽ പിടിമുറുക്കി. സാക്കയുടെ ഷോട്ട് ചെൽസി ഗോളി തടുത്തെങ്കിലും റീബൗണ്ടിൽ സാക്കയ്ക്ക് പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ സാംബി സൊക്കോങ്കയും കൂടി വല ചലിപ്പിച്ചതോടെ ആഴ്സണലിൻ്റെ ജയം പൂർണം.
Read Also: പ്രീസീസൺ എൽ ക്ലാസിക്കോ; ഒറ്റ ഗോളിൽ റയലിനെ വീഴ്ത്തി ബാഴ്സ
പ്രീസീസൺ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ ബാഴ്സലോണ വീഴ്ത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സയുടെ ജയം. ലീഡ്സ് യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ ബാഴ്സയിലെത്തിയ റഫീഞ്ഞയാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. ഇരു ടീമുകളും ശക്തമായ ടീമിനെയാണ് അണിനിരത്തിയത്. ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും റയലിന് ഒരു ഷോട്ട് പോലും ബാഴ്സയുടെ ഗോൾമുഖത്തേക്ക് പായിക്കാനായില്ല.
27ആം മിനിട്ടിലാണ് റഫീഞ്ഞ മത്സരത്തിൽ നിർണായകമായ ഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഒരു കിടിലൻ ഷോട്ടിൽ നിന്ന് റഫീഞ്ഞ ബാഴ്സ ജഴ്സിയിലെ ആദ്യ ഗോൾ കണ്ടെത്തുകയായിരുന്നു. ആദ്യ പകുതി 1-0നു പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ റയൽ വമ്പൻ താരങ്ങളെ കളത്തിലിറക്കി. കാസമിറോ, ടോണി ക്രൂസ്, മാർക്കോ അസൻസിയോ, ലൂക്ക മോഡ്രിച്ച്, നാച്ചോ, ഫെർലാൻഡ് മെൻഡി എന്നിവരൊക്കെ റയലിനായി കളത്തിലെത്തിയപ്പോൾ ഉസ്മാൻ ഡെംബെലെ, ഫ്രാങ്ക് കെസ്സി, ഓബമയാങ്, ഫ്രാങ്കി ഡിയോങ് തുടങ്ങിയവർ ബാഴ്സക്കായി ഇറങ്ങി. എന്നാൽ, സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ സീസണിൽ റയലിനായി തകർപ്പൻ പ്രകടനം നടത്തിയ കരീം ബെൻസേമ ടീമിൽ ഇടംനേടിയില്ല.
Story Highlights: preseason chelsea won arsenal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here