ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യൻ കോമൺവെൽത്ത് സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത്

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാണ് വനിതകളുടെ 4-100 മീറ്റർ റിലേയിൽ പങ്കെടുക്കുന്ന താരങ്ങളിലൊരാൾ ഗെയിംസിൽ നിന്നു പുറത്തായത്. താരത്തിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ, ഉത്തേജക മരുന്ന് ഉപയോഗത്തിന് ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് സംഘത്തിൽ നിന്ന് പുറത്തായവർ മൂന്നായി. (doping indian sprinter commonwealth games)
ദ്യുതി ചന്ദ്, ഹിമ ദാസ്, എൻഎസ് സിമി, ശ്രാബനി നന്ദ, ധനലക്ഷ്മി ശേഖർ, എംവി ജിൽന എന്നിവരാണ് ഇന്ത്യയുടെ 37 അംഗ അത്‌ലറ്റിക്‌സ് സംഘത്തിലെ സ്പ്രിന്റ് ഇനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സംഘത്തിൽ 36 പേർ മതിയെന്ന് പിന്നീട് തീരുമാനിച്ചതിനെ തുടർന്ന് എംവി ജിൽനയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ, പിന്നീട് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ധനലക്ഷ്മി പോസിറ്റീവായി. തുടർന്ന് ധനലക്ഷ്മിയെ ടീമിൽ നിന്നൊഴിവാക്കി ജിൽനയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
Read Also: കോമൺവെൽത്ത് ഗെയിംസ്: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് വിലക്ക്
സ്പ്രിൻ്റർ ധനലക്ഷ്മിയ്ക്കൊപ്പം ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബുവും നേരത്തെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 24കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4*100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് ഇവർ മത്സരിക്കേണ്ടിയിരുന്നത്. അത്‌ലറ്റിക്സ് ഇൻ്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയാണ് ഐശ്വര്യയുടെ ടെസ്റ്റ് ചെയ്തത്. ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.
അതേസമയം, കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുക എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. വളരെ നിർണായകമായ ഒരു ടൂർണമെൻ്റാണ് ഇതെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർമൻ വ്യക്തമാക്കി. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻ മനസുതുറന്നത്.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.
Story Highlights: doping test indian sprinter failed commonwealth games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here