Advertisement

വെറും ഓര്‍മ്മക്കുറവ് മാത്രമല്ല റെട്രോഗ്രേഡ് അംനേഷ്യ; ലക്ഷണങ്ങളും ചികിത്സയും അറിയാം…

July 26, 2022
3 minutes Read

തന്റെ ഇന്നലകളെക്കുറിച്ച് യാതൊരു ഓര്‍മകളും വീണ്ടെടുക്കാനാകാതെ പൂര്‍ണമായ മെമ്മറി ബ്ലാക്ക് ഔട്ടിലേക്ക് ഉറക്കമുണര്‍ന്ന ഗൗരി എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ പി പത്മരാജന്റെ ഇന്നലെ എന്ന സിനിമയിലൂടെയാണ് മലയാളി റെട്രോഗ്രേഡ് അംനേഷ്യ എന്ന അവസ്ഥയെക്കുറിച്ചറിയുന്നത്. വാഹനാപകടത്തില്‍ ഓര്‍മകളെല്ലാം നഷ്ടമായ തന്റെ ഭാര്യ മറ്റൊരാളായി മാറിക്കഴിഞ്ഞു എന്ന തിരിച്ചറിവില്‍ അവളെ വര്‍ത്തമാന കാലത്തില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് നടന്നകലുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. (What Is Retrograde Amnesia and How Is It Treated?)

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയാണ് പതിറ്റാണ്ടുകള്‍ക്കുശേഷം മലയാളി പൊതുസമൂഹത്തില്‍ വീണ്ടും റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് കേള്‍ക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് കെ എം ബഷീറെന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിനുശേഷം ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അപകടത്തെക്കുറിച്ച് ശ്രീറാമിന് ഓര്‍മയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് അറിയാം…

Read Also: കോഴിക്കോടന്‍ ഹല്‍വ പോലൊരു ‘കോവില്‍പട്ടി കടലൈമിട്ടായി’

എന്താണ് റെട്രോഗ്രേഡ് അംനേഷ്യ?

ഏതെങ്കിലും വലിയ ആഘാതത്തിനോ അപകടത്തിനോ ശേഷം ഓര്‍മ്മകള്‍ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവിനെ ബാധിക്കുന്ന ഒരുതരം ഓര്‍മ്മ നഷ്ടത്തെയാണ് റെട്രോഗ്രേഡ് അംനേഷ്യ എന്ന് പറയുന്നത്. ഏത് കാലയളവ് വരെയുള്ള ഓര്‍മകളാണ് നഷ്ടപ്പെട്ടതെന്നത് ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് പരുക്കിന് മുന്‍പ് താന്‍ ആരായിരുന്നെന്ന് പോലും ഓര്‍മയില്ലാത്ത വിധത്തില്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മകളെല്ലാം നഷ്ടമാകാം. ചിലര്‍ക്ക് അപകടത്തിന് മുന്‍പുള്ള ചെറിയ കാലത്തെ ഓര്‍മകള്‍ മാത്രം നഷ്ടപ്പെടുന്ന അവസ്ഥയുമാകാം.

റെട്രോഗ്രേഡ് അംനേഷ്യ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?

മസ്തിഷ്‌കത്തിലെ ഓര്‍മകള്‍ സംഭരിക്കുന്ന ഭാഗത്ത് ഏല്‍ക്കുന്ന കനത്ത ആഘാതം കൊണ്ട് ഓര്‍മകള്‍ നഷ്ടപ്പെടാം. ഈ ഭാഗത്ത് പരുക്കേല്‍ക്കുകയോ ജീര്‍ണിക്കുകയോ സ്‌ട്രോക്ക് വരികയോ ചെയ്യുമ്പോള്‍ ഓര്‍മകള്‍ ഇത്തരത്തില്‍ നഷ്ടമാകാം. ഇവ പലപ്പോഴും സ്‌കാനിംഗിലൂടെ തിരിച്ചറിയപ്പെടണമെന്നില്ല.

ശരീരത്തിനുണ്ടാകുന്ന പരുക്കുകള്‍ പോലെ മനസിനേല്‍ക്കുന്ന കനത്ത ആഘാതം കൊണ്ടും ഓര്‍മകള്‍ നഷ്ടമാകാം. തീവ്രമായ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി മനസ് കണ്ടെത്തുന്ന മാര്‍ഗവുമാകാം ഈ ഓര്‍മ നഷ്ടമാകല്‍. ഇത് ബോധമനസ് അറിഞ്ഞുകൊണ്ടല്ല.

മയക്കുമരുന്നുകളുടെയോ മദ്യത്തിന്റെയോ ആധിക്യം കൊണ്ട് പലര്‍ക്കും താല്‍ക്കാലികമായി മെമ്മറി ബ്ലാക്ക് ഔട്ടുണ്ടായേക്കാം. ഇത് ഭൂരിഭാഗം കേസുകളിലും താല്‍ക്കാലികമായിരിക്കും.

എന്തൊക്കെ ഓര്‍മകളാണ് നഷ്ടമാകുക?

റിട്രോഗ്രേഡ് അംനേഷ്യ കൊണ്ട് ഓര്‍മകള്‍ മാത്രമേ നഷ്ടമാകുന്നുള്ളൂ. മുന്‍പ് ഓരോരുത്തരും ആര്‍ജിച്ച കഴിവുകള്‍, സ്‌കില്‍സ്, ഭാഷകള്‍ മുതലായവ നഷ്ടമാകാറില്ല. ഉദാഹരണത്തിന് ഒരാള്‍ തനിക്ക് ഒരു കാര്‍ ഉണ്ടോ ഇല്ലയോ എന്നത് മറന്നേക്കാം പക്ഷേ അയാള്‍ ഡ്രൈവിംഗ് മറന്നുപോകില്ല. ആളുകളുടെ പേരുകള്‍, മുഖങ്ങള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, അപകടങ്ങള്‍ എന്നിവയെ സംബന്ധിച്ച ഓര്‍മകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പുതിയ കഴിവുകള്‍ ആര്‍ജിക്കുന്നതിനും തടസമുണ്ടാകില്ല.

റെട്രോഗ്രേഡ് അംനേഷ്യയ്ക്ക് ചികിത്സയുണ്ടോ?

ഈ അവസ്ഥയ്ക്ക് പൂര്‍ണമായി വികസിപ്പിച്ച ചികിത്സാരീതികളോ മരുന്നുകളോ ഇല്ല. എന്നിരിക്കിലും തെറാപ്പി സെഷനുകളിലൂടെ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്താം. ഓര്‍മ നഷ്ടമുണ്ടായതിന്റെ കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിന് ചികിത്സ നല്‍കുകയും ചെയ്യാറുണ്ട്.

Story Highlights: What Is Retrograde Amnesia and How Is It Treated?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top