കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് ആരോപണം. കുട്ടിയെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് വൈകി എന്നും ആരോപണമുണ്ട്.
കൊല്ലത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിലാണ് പ്രസവസംബന്ധമായ ചികിത്സകള്‍ക്കായി നാളുകളായി ഹര്‍ഷ എത്തിയിരുന്നത്. പരിശോധനാ വേളയില്‍ ഒരിക്കലും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പറഞ്ഞിരുന്നുമില്ല. രണ്ടുദിവസം മുന്‍പ് ഹര്‍ഷയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവത്തിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് ഹര്‍ഷയുടെ ആരോഗ്യസ്ഥിതി വഷളായതായും ശസ്ത്രക്രിയ ആവശ്യമെന്നും ബന്ധുക്കളോട് പറഞ്ഞത്.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ ഹര്‍ഷയുടെ ആരോഗ്യസ്ഥിതി അതി രൂക്ഷമായി. സമീപത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഹര്‍ഷ മരിച്ചു. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അമ്മ ഹര്‍ഷ മരിച്ചതിന് പിന്നാലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.
മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ വൈകിയതായി ആരോപണമുണ്ട്. ചികിത്സ പിഴവ് എന്ന് ആരോപണം വന്നതിനു പിന്നാലെ ആശുപത്രിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാണ്.
അതേസമയം ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാന്‍ വൈകില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
Story Highlights: After the woman died in childbirth, so did the child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here